പ്രായപരിധിയില്‍ ഔട്ട്സ്റ്റാന്‍ഡിങ്ങ് നേതാക്കള്‍ക്ക് ഇളവ് വേണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. 75 വയസ് പ്രായപരിധിയെന്ന പാര്‍ട്ടി തീരുമാനത്തോട് നൂറ് ശതമാനം യോജിക്കുന്നു. എന്നാല്‍ രാഷ്ട്രീയ, പ്രത്യയ ശാസ്ത്ര രംഗത്ത് പ്രാവീണ്യമുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കണമെന്ന് എകെ ബാലന്‍ പറഞ്ഞു. പ്രത്യയശാസ്ത്രപരമായി, സംഘടനാപരമായി, രാഷ്ട്രീയപരമായി ഔട്ട്സ്റ്റാന്‍ഡിങ്ങ് ആയ ആളുകള്‍ക്ക്, കഴിഞ്ഞ പ്രാവശ്യം സഖാവ് പിണറായിക്ക് കൊടുത്തത് പോലെ തന്നെ ഇളവ് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ആള്‍ക്കാര്‍ വരണം. പുതിയ ജനറേഷന്‍ എന്ന് പറയുന്നത് വലിയ കഴിവുള്ളവരാണ്. ആ കഴിവിനെ നമ്മള്‍ ആ ഒരു സമയത്ത് ഉപയോഗപ്പെടുത്തണം. അല്ലാതെ എല്ലാ അസുഖങ്ങളും വന്ന് നേരെ ചൊവ്വേ വര്‍ത്തമാനം പറയാന്‍ സാധിക്കാത്ത സമയത്ത് പ്രൊമോഷന്‍ കിട്ടിയിട്ട് എന്താണ് കാര്യം. കിട്ടേണ്ട സമയത്ത് തന്നെ അത് കൊടുക്കണം. ഏറ്റവും ഉചിതമായ തീരുമാനമാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള വയസിന്റെ നിയന്ത്രണം. അത് ഏറ്റവും നന്നായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.