അറസ്റ്റു കൊണ്ട് തളര്‍ത്താനാവില്ലെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ മജീദ് ഫൈസി. എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റു ചെയ്ത ഇഡി നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റ് അന്യായവും ദുരുപദിഷ്ഠിതവുമാണെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് വഴിയില്‍ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് കോടതിയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറസ്റ്റു കൊണ്ട് തളര്‍ത്താനാവില്ല.
എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്ത ED നടപടി അന്യായവും ദുരുപദിഷ്ഠിതവുമാണ്. എന്ത് കൊണ്ട് ?. കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് വഴിയില്‍ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് കോടതിയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
ഞങ്ങള്‍ പിടിച്ചുവെന്ന് വീര്യം പറയാനുള്ള ഒരുപായം മാത്രമായിരുന്നു ഈ അറസ്റ്റ്.
രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. അതില്‍ എം.കെ. ഫൈസിയെ സമന്‍സ് അയച്ച് വരുത്തി ചോദ്യം ചെയ്യുന്നത് ഒരു വര്‍ഷത്തിന് ശേഷം മാത്രം. (2024 ജനുവരി 3 ന് )
തുടര്‍ച്ചയായി മൂന്ന് ദിവസം അദ്ദേഹം ED യുടെ മുന്നില്‍ ഹാജറായി. മൊഴിയെടുത്ത് അന്വേഷണം അവസാനിച്ചുവെന്ന രീതിയില്‍ വിട്ടയച്ചതാണ്.
അത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നതില്‍ ദുരൂഹതയും ഗൂഢാലോചനയും വ്യക്തമല്ലെ.
ഇക്കാലയളവില്‍ അദ്ദേഹം പൊതുരംഗത്ത് സജീവമായുണ്ടായിരുന്നു. നാട്ടിലും വീട്ടിലും എല്ലാം ഉണ്ടായിരുന്നു. ED ഉദ്യോഗസ്ഥര്‍ ഇതൊന്നും അറിയാത്തവരല്ല. എന്നിട്ടും എന്ത് കൊണ്ടിപ്പോള്‍ നാടകീയമായ ഒരറസ്റ്റ് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. ‘കിരാതമായ വഖഫ് ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ ഉയര്‍ത്തി കൊണ്ട് വന്ന ജനരോഷം കേന്ദ്ര ഭരണകൂടത്തെ വിറളി പിടിപ്പിച്ചിരിക്കുന്നു’
അത് കൊണ്ട് തന്നെ എം.കെ ഫൈസിയുടെ അറസ്റ്റ് എസ്ഡിപിഐ യുടെ ഒരു പാര്‍ട്ടി വിഷയമായി അവസാനിക്കേണ്ടതല്ല. ജനാധിപത്യ ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ളവരെല്ലാം ഇതിനെതിരെ രംഗത്ത് വരേണ്ടതുണ്ട്.
മുമ്പ് അറസ്റ്റിലായ ഡല്‍ഹിയിലെ മൂന്ന് പേര്‍ക്ക് ജാമ്യം നല്‍കുമ്പോള്‍ ഇവരുടെ മേല്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി ഹൈകോടതി പരാമര്‍ശിച്ച കേസിലാണ് ഒരു ദേശീയ നേതാവിനെ ഇ ഡി പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരും നെറിയും നോക്കിയല്ല; നേതാവിനെ കുറച്ച് ദിവസം ജയിലിലടച്ച് ഒരു പ്രസ്ഥാനത്തെ സമൂഹത്തിന് മുന്നില്‍ കരി വാരി തേക്കാമെന്ന വ്യാമോഹത്തിലാണ് സംഘ് പരിവാര്‍ ഇത്തരം വികൃതികള്‍ കാണിക്കുന്നത്.
രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഏജന്‍സികളെ ഉപയോഗിക്കുന്നത് സംഘ്പരിവാറിന്റെ ഹോബിയായി മാറി കഴിഞ്ഞിരിക്കുകയാണ്. ചിദംബരം, ഹേമന്ത് സോറണ്‍ മുതല്‍ കെജ്രിവാള്‍ വരെയുള്ള നൂറുക്കണക്കിന് രാഷ്ട്രീയ നേതാക്കള്‍ അതിന്റെ ഇരകളാണ്. എം.കെ ഫൈസി യെയും ആ ലിസ്റ്റില്‍ പെടുത്തി സന്തോഷം കൊള്ളുന്ന സംഘ് കേന്ദ്രങ്ങളോട് ഒന്നേ പറയാനുള്ളൂ. ‘തല’ ക്കടിച്ച് തളര്‍ത്താമെന്നാണ് ധാരണയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റി.
എസ്ഡിപിഐ യുടെ കേഡര്‍മാര്‍ക്ക് തലപ്പാവില്ലെങ്കിലും തലയെടുപ്പുണ്ട്. ആത്മാഭിമാനത്തിനാണ് അവര്‍ ജീവനേക്കാള്‍ വില കല്‍പ്പിക്കുന്നത്.
ആഭ്യന്തര മന്ത്രിയുടെ കാല്‍ക്കല്‍ കാണിക്ക വെക്കാനോ ഷൂ നക്കി മാപ്പപേക്ഷ നല്‍കാനോ ഈ പ്രസ്ഥാനത്തിലെ ഒരു കുഞ്ഞും വരില്ല.
മനുഷ്യരെ തടവറയില്‍ അടച്ചിടാം. എന്നാല്‍ നിലപാടുകളെ തടവിലിട്ട് കൊല്ലാന്‍ ഒരു ഫറോവക്കും ഇത് വരെ സാധിച്ചിട്ടില്ല.
അതേസമയം, രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്.ഡി.പി.ഐക്ക് ലഭിച്ചെന്ന് ഇഡിയുടെ കണ്ടെത്തല്‍. എസ്.ഡി.പി.ഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ് വെളിപ്പെടുത്തല്‍. പണം പിരിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും തെളിവുകള്‍ ഇ.ഡിയ്ക്ക് ലഭിച്ചു. എസ്ഡിപിഐക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചു. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 രൂപ നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചു. രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനത്തിനായി പിഎഫ്ഐ പിരിച്ച പണത്തിന്റെ വിഹിതം എം കെ ഫൈസി കൈപ്പറ്റി. 12 തവണ നോട്ടീസ് നല്‍കിയിട്ടും എം.കെ ഫൈസി ഹാജരായില്ലെന്നാണ് ഇ.ഡി വ്യക്തമാക്കുന്നു. രണ്ട് സംഘടനകള്‍ക്കും ഒരേ നേതൃത്വവും അണികളുമെന്നും ഇ ഡി വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. നയരൂപീകരണം, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കല്‍, പൊതു പരിപാടികള്‍, കേഡര്‍ മൊബിലൈസേഷന്‍, എന്നിവയ്‌ക്കെല്ലാം എസ്ഡിപിഐ പിഎഫ്‌ഐയെ ആശ്രയിച്ചിരുന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നും തെളിവുകള്‍ കണ്ടെത്തിയതായും ഇഡി വെളിപ്പെടുത്തുന്നു.