Sports

ഈ കളിയൊന്നും പോരാ! ടീം ഇന്ത്യയ്ക്ക് ​ഗൗതം ​ഗംഭീർ നൽകിയത് ഒരേ ഒരു ഉപദേശം മാത്രം| Gautham Gambhir

ആദ്യ സെമിഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയെ നാല് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്

ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പ്രവേശിച്ചിട്ടും തന്റെ ടീം ഇതുവരെ എല്ലാം തികഞ്ഞ കളി പുറത്തെടുത്തിട്ടില്ലെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ എല്ലാം തികഞ്ഞ കളി ഇന്ത്യ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച നടന്ന ആദ്യ സെമിഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയെ നാല് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സീനിയര്‍ ബാറ്റര്‍ വിരാട് കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 84 റണ്‍സാണ് അദ്ദേഹം കുറിച്ചത്.
‘അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനിയും ഒരുപാട് മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്നു. എല്ലാ കാര്യങ്ങളും ചെയ്തുവെന്ന് പറയുന്നില്ല. ഞങ്ങള്‍ ഇപ്പോഴും ഒരു മികച്ച കളി കളിച്ചിട്ടില്ല. പ്രകടനങ്ങളില്‍ ഞാന്‍ ഒരിക്കലും തൃപ്തനാകില്ല. മാര്‍ച്ച് 9ന് നടക്കുന്ന ചാംപ്യന്‍സ് ട്രോഫി കിരീട പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആ ‘തികഞ്ഞ കളി’ പുറത്തെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’- മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.

‘നമുക്ക് ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്. നമുക്ക് ഒരു മികച്ച കളി കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്നു, ക്രിക്കറ്റ് മൈതാനത്ത് ഒരു ദയയുമില്ലാതെ എതിരാളിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ മൈതാനത്തിന് പുറത്ത് തികച്ചും എളിമയുള്ളവരായിരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് സ്പിന്നര്‍മാരെ കളിപ്പിക്കുക, ബാറ്റിങ് ലൈന്‍അപ്പില്‍ അക്ഷര്‍ പട്ടേലിന് അഞ്ചാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നല്‍കുക, ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കെഎല്‍ രാഹുലിനെ ആറാം സ്ഥാനത്തേക്ക് മാറ്റുക തുടങ്ങിയ ധീരമായ തീരുമാനങ്ങളാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ഇന്ത്യ കൈക്കൊണ്ടത്. പുറത്തു നിന്ന് നോക്കുമ്പോള്‍ ഇത് യുക്തിരഹിതമായി തോന്നിയേക്കാമെങ്കിലും കളിക്കാരെ ‘കംഫര്‍ട്ട് സോണില്‍’ നിന്ന് മാറ്റി നിര്‍ത്തി അവരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുക എന്ന പ്ലാനാണ് ഗംഭീര്‍ നടപ്പാക്കിയത്.

‘ക്രിക്കറ്റ് നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്താകുന്നതിനെക്കുറിച്ചാണ് ഞാന്‍ കരുതുന്നത്, അങ്ങനെയാണ് നിങ്ങള്‍ വളരുന്നത്. എല്ലാവരും അവരവരുടെ കംഫര്‍ട്ട് സോണിലാണെങ്കില്‍, സ്തംഭനാവസ്ഥ ഉണ്ടാകും. അതിനാല്‍, ഞാന്‍ വിശ്വസിക്കുന്നു, ഡ്രസ്സിംഗ് റൂമിലുള്ള എല്ലാവരും കോച്ചിംഗ് സ്റ്റാഫ് ആകട്ടെ, കളിക്കാരാകട്ടെ, കംഫര്‍ട്ട് സോണില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്, ഇന്ത്യന്‍ ക്രിക്കറ്റിന് പ്രധാനപ്പെട്ടത് ഞങ്ങള്‍ തുടര്‍ന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,’- അദ്ദേഹം പറഞ്ഞു.

content highlight: Gautham Gambhir