ഇപ്പോൾ ചൂടുകാലമാണ് പതിവിൽ കൂടുതൽ ചൂടാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് ഈ സമയത്ത് സൂര്യാഘാതം ഏൽക്കാതിരിക്കുക എന്നത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് ഇതിനുവേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം. ഇത് ശ്രദ്ധിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം
അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുകയും നമ്മുടെ ശരീരത്തിലെ താപനില നിയന്ത്രണം തകരാറിലാവുകയും ശരീരത്തിലെ താപം പുറത്ത് കളയാൻ പറ്റാത്ത അവസ്ഥയാണ് സൂര്യാഘാതം.
ഇതോടെ ശരീരത്തിലെ പല പ്രവർത്തനങ്ങളും തകരാറിലാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. ശക്തിയായ തലവേദന, തലകറക്കം, നാഡിമിടിപ്പിലെ വ്യതിയാനം, ശരീരം ചൂടാവൽ, അബോധാവസ്ഥ, ഉയർന്ന ശരീരതാപനില തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. വെയിലിൽ ജോലി ചെയ്യുന്നവർക്ക് ശരീരം ചുവന്ന് തുടുത്ത് കുമിളകൾ പ്രത്യക്ഷപ്പെട്ട് പൊള്ളലും വേദനയും ഉണ്ടാവാം.
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉപ്പിട്ട നാരങ്ങ വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ ധാരാളമായി കഴിക്കുക. തണലുള്ള സ്ഥലത്ത് വിശ്രമിക്കുക. തണുത്ത വെള്ളത്തിൽ ശരീരം കഴുകുക, കട്ടികൂടിയ വസ്ത്രങ്ങൾ ശരീരത്തിൽ നിന്നു നീക്കം ചെയ്യുക. പഴങ്ങളും സലാഡുകളും കഴിക്കുക.
കുട്ടികളുടെ കാര്യത്തിൽ അവരെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക, വീടിന്റെ ജനലും വാതിലും തുറന്നിട്ട് ധാരാളം വായു സഞ്ചാരത്തിന് അവസരം ഉണ്ടാക്കുക. ഇത്തരം കാര്യങ്ങൾ ചെയ്തിട്ടും ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ അടിയന്തര വൈദ്യ സഹായം തേടുക.