Whole watermelon and slices in ceramic bowl with copy space. Shallow depth of field.
വേനല്‍ക്കാലത്ത് വിപണി കീഴടക്കുന്നതും കഴിക്കാന്‍ ഏവരും ഇഷ്ടപ്പെടുന്നതുമായ ഒരു പഴമാണ് തണ്ണിമത്തന്‍. പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തന്‍ കടുത്ത വേനലില്‍ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കുന്നു.കൊഴുപ്പും കൊളസ്‌ട്രോളും ഊര്‍ജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനില്‍ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്‌സിഡന്റുകളുമുണ്ട്. പ്രോട്ടീന്‍ കുറവെങ്കില്‍ തന്നെയും Citrilline എന്ന അമിനോ ആസിഡ് തണ്ണിമത്തനില്‍ നല്ല തോതിലുണ്ട്. ഇത് ശരീരത്തില്‍ വച്ച് Argenine എന്ന അമിനോ ആസിഡായി മാറുന്നു. Citrilline ഉം Argenine ഉം രക്തക്കുഴലുകളെ കര്‍ക്കശമല്ലാതാക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും ഉത്തമമാണ്. അതുകൊണ്ടുതന്നെ Citrilline അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.
തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട് കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഉത്തമമാണ്. ഇവയ്‌ക്കൊപ്പം വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം എന്നിവയും മിതമായ അളവില്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്.പ്ലാന്റ് സംയുക്തമായ ലൈസോപീന്‍ ആണ് മറ്റൊരു പ്രധാന ഘടകം. ഇവ ധാരാളമായി തണ്ണിമത്തനില്‍ കാണപ്പെടുന്നു. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നല്‍കുന്നത്. ലൈസോപീനും മറ്റ് ആന്റിഓക്‌സിഡന്റുകളായ വൈറ്റമിന്‍ സി യും മറ്റും കൂടുമ്പോള്‍ തണ്ണി മത്തന്‍ കാന്‍സര്‍ പ്രതിരോധിക്കാനും ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധശക്തി കൂടാനും സഹായിക്കുന്നു. വൈറ്റമിനുകളായ എ യും സി യും മറ്റു വൈറ്റമിനുകളും തണ്ണിമത്തനില്‍ ഉള്ളതുകൊണ്ട് ഇവ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്.തണ്ണിമത്തന്‍ ഉത്തമം തന്നെ. എന്നാല്‍ അമിതമായാല്‍ ഇവയിലെ ലൈസോപീനും സിമ്പിള്‍ കാര്‍ബോഹൈഡ്രേറ്റും പ്രശ്‌നക്കാര്‍ ആയി മാറും. അത് ദഹനക്കുറവിനും വയറു കമ്പിക്കലിനും വായുപ്രശ്‌നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം.
പൊട്ടാസ്യം കൂടുതല്‍ ഉള്ളതിനാല്‍ കിഡ്‌നി രോഗങ്ങളുള്ളവര്‍ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. ഊര്‍ജത്തിന്റെ അളവ് കുറവാണെങ്കിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടുതലുള്ളതിനാല്‍ തണ്ണിമത്തന്‍ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ ഇടയാക്കും. അമിതമായി മദ്യപാനം നടത്തുന്നവര്‍ മിതമായ അളവില്‍ തണ്ണിമത്തന്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.
പാലിനൊപ്പം
പാലും തണ്ണിമത്തനും വിരുദ്ധാഹാരമാണ്. പാല്‍ ഒരു laxative ഉം (മലവിസര്‍ജ്ജനം കൂട്ടുന്നവ) തണ്ണിമത്തന്‍ ഒരു diuretic (മൂത്രവിസര്‍ജ്ജനം കൂട്ടുന്നവ) മാണ്. മാത്രമല്ല തണ്ണിമത്തന്‍ വേഗത്തിലും പാല്‍ സമയമെടുത്തും ദഹിക്കുന്നവയാണ്. ഇവ ഒരുമിച്ചു കഴിക്കുമ്പോള്‍ അസിഡിറ്റിക്കും പുളിച്ചു തികട്ടലിനും കാരണമാകുന്നു.
content highlight: water melon with milk