Marco Unni Mukundan stills images
തിരുവനന്തപുരം: ‘മാർകോ’ സിനിമ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. ഒടിടിയിൽനിന്നു സിനിമ പിൻവലിക്കണമെന്നും ശുപാർശ ചെയ്തു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) പ്രാദേശിക ഓഫിസിന്റേതാണു നടപടി. കഴിഞ്ഞ 19ന് ആണ് അനുമതി നിഷേധിച്ചത്. സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ സമർപ്പിച്ചപ്പോൾത്തന്നെ വിയോജിപ്പുകൾ ഉണ്ടായിരുന്നെന്നു സിബിഎഫ്സി പ്രാദേശിക ഓഫിസർ ടി.നദീം തുഫൈൽ പറഞ്ഞു.
അഞ്ചംഗ സമിതി ഇതിൽ അക്രമരംഗങ്ങളേറെയുണ്ടെന്നു റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നു പല സീനുകളും ഒഴിവാക്കിയശേഷം സിനിമ പത്തംഗ റിവൈസിങ് കമ്മിറ്റിക്ക് നൽകി. തുടർന്നാണ് ‘എ’ സർട്ടിഫിക്കറ്റോടു കൂടി തിയറ്ററിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയത്. ടിവിയിൽ പ്രദർശനാനുമതിക്കു സമീപിച്ചപ്പോൾ സമിതി വീണ്ടും സിനിമ കണ്ടു. ടിവിയിൽ പ്രദർശിപ്പിക്കണമെങ്കിൽ ‘യു’ അല്ലെങ്കിൽ ‘യുഎ’ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ സിനിമയ്ക്ക് ‘യുഎ’ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 45 മിനിറ്റ് ദൈർഘ്യമുള്ള ഭാഗങ്ങൾ ഒഴിവാക്കേണ്ടിവരും. ഒടിടി പ്രദർശനം തടയണമെന്ന കത്ത് മുംബൈയിലെ സിബിഎഫ്സി ചെയർമാനാണു നൽകിയത്. ഒടിടിയിൽനിന്നു സിനിമ പിൻവലിക്കാൻ സിബിഎഫ്സിക്ക് അധികാരം ഇല്ലാത്തതിനാൽ അതിനുവേണ്ടി വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിനു ശുപാർശ നൽകണം.
നിലവിൽ സിനിമയിലെ രംഗങ്ങൾ മുറിച്ചുമാറ്റിയുള്ള സെൻസറിങ് രീതി ഇല്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തിരിച്ച് സർട്ടിഫിക്കറ്റ് നൽകും. ഏതു പ്രായക്കാർക്കും കാണാവുന്ന സിനിമകൾക്ക് ‘യു’ സർട്ടിഫിക്കറ്റ് നൽകും. ‘യുഎ’ സർട്ടിഫിക്കറ്റിൽ ഏതു പ്രായം മുതലുള്ളവർക്കു കാണാമെന്നു കൂടി ചേർക്കും. 7+, 13+, 16+ പ്രായം കൂടി ‘യുഎ’ സർട്ടിഫിക്കറ്റുള്ള സിനിമ 18 വയസ്സിൽ താഴെയുള്ളവരെ കാണാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. പരാതി ലഭിച്ചാൽ തിയറ്ററിൽനിന്നു 10,000 രൂപ വരെ പിഴ ഈടാക്കാം. ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മാർകോ’യിൽ ഉണ്ണി മുകുന്ദനാണ് നായകൻ.