ഹൈദരാബാദ്: തെലങ്കാനയിലെ നാഗർ കൂർണിലിലെ ടണൽ രക്ഷാപ്രവർത്തനം തുടരുന്നു. ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയുന്നത് നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തേക്ക് എത്താനാണ് ശ്രമം. കുടുങ്ങിയ തൊഴിലാളികൾ ജീവനോടെ രക്ഷപ്പെടാൻ സാധ്യത കുറവാണെന്നാണ് ദൗത്യസംഘം വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 22നാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ടണൽ തകർന്ന് 8 തൊഴിലാളികൾ കുടുങ്ങിയത്.രണ്ട് എന്‍ജിനിയര്‍മാരും ആറു തൊഴിലാളികളുമാണ് കുടുങ്ങിയത്.
തുരങ്കത്തിനുള്ളിലെ കൺവെയര്‍ ബെൽറ്റ് നന്നാക്കിയത് മണിക്കൂറിൽ 800 ടൺ ചെളിയും അവശിഷ്ടങ്ങളും അപകടസ്ഥലത്ത് നിന്ന് തുരങ്കത്തിന് പുറത്തേക്ക് എത്തിക്കാൻ രക്ഷാസംഘങ്ങളെ സഹായിക്കും. കുടുങ്ങിയ എട്ട് തൊഴിലാളികൾ എവിടെയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തൊഴിലാളികൾ ടണലിന്‍റെ ഏത് ഭാഗത്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഡൽഹിയിലെ നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള ഒരു സംഘം രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ടുണ്ട്. നിലവിൽ, റഡാറിൻ്റെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. തുരങ്കത്തിന് സമീപം രണ്ട് എസ്കലേറ്ററുകൾ ഒരുക്കിയിട്ടുണ്ട്. ടണൽ ബോറിംഗ് മെഷീൻ്റെ (ടിബിഎം) ടെയിൽ-എൻഡ് ഭാഗങ്ങൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് നീക്കം ചെയ്തു, ലോക്കോ ട്രെയിനിൽ ടണലിന് പുറത്തേക്ക് കൊണ്ടുവരും.
തുരങ്കത്തിൽ നിന്ന് 6,000 ക്യുബിക് മീറ്ററോളം ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യേണ്ടതുണ്ടെന്ന് അധികൃതര്‍ കണക്കാക്കുന്നു. ഡീവാട്ടറിംഗിനായി ആവശ്യത്തിന് വാട്ടർ പമ്പുകൾ ലഭ്യമാക്കിയതായി എൻഡിആർഎഫ് കമാൻഡൻ്റ് വിവിഎൻ പ്രസന്ന കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്‍റെ രണ്ട് കഡാവർ ഡോഗുകളെ അയച്ചു. രണ്ട് പൊലീസ് നായകളും ജീവനക്കാരുമാണ് ഇന്ന് രാവിലെ ഹൈദരാബാദിലേക്ക് പോയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊലീസിനോട് അഭ്യർഥിച്ചതിനെ തുടർന്നാണ് കഡാവർ ഡോഗുകളെ വിട്ടുകൊടുത്തത്.