Tech

സ്പാം കോളുകള്‍ ഇനി ഗൂഗിൾ ഫില്‍ട്ടറിങ് ചെയ്യും; പുതിയ ഫീച്ചർ എത്തി | Google filtering

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള തട്ടിപ്പുകളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് ഫീച്ചര്‍ ഗുണം ചെയ്യും

ന്യൂഡല്‍ഹി: അജ്ഞാത കോളുകള്‍ തരംതിരിക്കാനും സ്പാം കോളുകളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനുമായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള തട്ടിപ്പുകളില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ഫീച്ചര്‍ ഏറെ ഗുണം ചെയ്യും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗൂഗിളിന്റെ ഫോണ്‍ ആപ്പ് ഇപ്പോള്‍ കോളുകള്‍ പ്രത്യേക വിഭാഗങ്ങളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രധാനപ്പെട്ട കോളുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുകയാണ് പുതിയ ഫീച്ചറിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ ഇന്‍കമിങ് അല്ലെങ്കില്‍ ഔട്ട്ഗോയിങ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി കോളുകള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നില്ല, ഇത് കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ പരിമിതപ്പെടുത്തുന്നു.

കഴിഞ്ഞ മാസം ഫോണ്‍ ആപ്പിന്റെ 159.0.718038457-പബ്ലിക് ബീറ്റാ-പിക്‌സല്‍2024 അപ്ഡേറ്റിലാണ് കോള്‍ ഫില്‍ട്ടറിങ് അപ്ഡേറ്റ് ആദ്യം അവതരിപ്പിച്ചത്. ആദ്യം, ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ഉപയോഗിക്കാര്‍ സാധിച്ചിരുന്നുള്ളൂ. ആന്‍ഡ്രോയിഡ് അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നത് ഗൂഗിള്‍ ഇപ്പോള്‍ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ്.

ഈ അപ്ഡേറ്റ് ‘സെര്‍വര്‍-സൈഡ് റോള്‍ഔട്ട്’ ആണെന്ന് തോന്നുന്നു, അതായത് എല്ലാവര്‍ക്കും ഒരേ സമയം ഇത് ലഭിക്കില്ല. ചില ഉപയോക്താക്കള്‍ക്ക് അപ്ഡേറ്റ് നേരത്തെ ലഭിച്ചേക്കാം, മറ്റുള്ളവര്‍ക്ക് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം.
പിക്സല്‍ സ്മാര്‍ട്ട്ഫോണുകളിലെ കോള്‍ സ്‌ക്രീന്‍: ഉപയോക്താവിന് വേണ്ടി കോളുകള്‍ സ്‌ക്രീന്‍ ചെയ്യാന്‍ എഐ സാങ്കേതിക വിദ്യയിലൂടെ സാധിക്കുന്നു. കോള്‍ ചെയ്യുന്നത് ആരാണെന്ന് തിരിച്ചറിയാനും കോളിന്റെ ഉദ്ദേശ്യവും സംഭാഷണത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് നല്‍കാനും കഴിയും.

റിവേഴ്സ് ലുക്കപ്പ് ടൂള്‍: അജ്ഞാത കോളര്‍മാരെ തിരിച്ചറിയാനും സ്പാം കോളുകള്‍ കൂടുതല്‍ കാര്യക്ഷമമായി ഫില്‍ട്ടര്‍ ചെയ്യാനും ഈ ഡിവൈസ് ഉപയോക്താക്കളെ സഹായിക്കുന്നു. നിങ്ങളുടെ ഡിവൈസില്‍ ഫീച്ചര്‍ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍, ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴി നിങ്ങളുടെ ഗൂഗിള്‍ ഫോണ്‍ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. നിങ്ങള്‍ക്ക് ഇതുവരെ ഫീച്ചര്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍, സെര്‍വര്‍-സൈഡ് റോള്‍ഔട്ട് നിങ്ങളുടെ ഉപകരണത്തില്‍ എത്തുന്നതുവരെ കാത്തിരിക്കുക.

content highlight: Google filtering