World

മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. ചൊവ്വാഴ്ച രാത്രി നന്നായി വിശ്രമിച്ചു. കുറച്ചുസമയം വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ശ്വസനം. സാധാരണയിലും വൈകി രാവിലെ എട്ടിനാണ് ഉണർന്നത്. പകൽ അസ്വസ്ഥതകളില്ലാതെ വിശ്രമിച്ചു. ഇരുശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാൽ അതീവജാഗ്രത തുടരുന്നു. ഓക്സിജൻ തെറപ്പിയും തുടരുകയാണ്. കഴിഞ്ഞ മാസം 14ന് ആണ് 88 വയസ്സുള്ള മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നോമ്പുകാല ശുശ്രൂഷകളിൽ നേതൃത്വം നൽകാനായി മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാളിനെ നിയോഗിച്ചു. ഇന്നലെ ക്ഷാരബുധൻ ശുശ്രൂഷകളിൽ അദ്ദേഹമാണ് കാർമികനായത്. മാർപാപ്പ ഉൾപ്പെടെ വത്തിക്കാനിലെ പ്രമുഖർ പങ്കെടുക്കേണ്ടിയിരുന്ന നോമ്പുകാല ധ്യാനം ശനിയാഴ്ച ആരംഭിക്കും.