വിഴിഞ്ഞം കടപ്പുറത്ത് നിന്നും 2014 നവംബര്‍ 16ന് കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് ക്ലെയിം അവകാശികള്‍ക്ക് അനുവദിക്കുന്ന കാര്യത്തില്‍ രണ്ടു മാസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനി തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. ഇത്തരം കാര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി അമിതമായ സാങ്കേതികത്വം പ്രയോഗിക്കുന്നത് നീതിപൂര്‍വ്വമല്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഡിവിഷണല്‍ മാനേജര്‍ക്കും കേരള ഫിഷര്‍മെന്‍ വെല്‍ഫയര്‍ ബോര്‍ഡ് കമ്മീഷണര്‍ക്കുമാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. വിഴിഞ്ഞം പള്ളിത്തുറ പുരേടത്തില്‍ ബിജുവിനെ കടലില്‍ കാണാതായെന്ന സബ് കളക്ടറുടെ സാക്ഷ്യപത്രം (മാന്‍ മിസിംഗ് സര്‍ട്ടിഫിക്കറ്റ്) ഉള്‍പ്പെടെ ഹാജരാക്കിയിട്ടാണ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷക ആരോപണങ്ങള്‍ നിഷേധിച്ചു.
2014 മുതല്‍ കാണാതായ ബിജുവിനെ കാണാതായതായി വീട്ടുകാര്‍ പരാതി നല്‍കിയത് 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും ഇന്‍ഷ്വറന്‍സ് ക്ലെയിമിന് അപേക്ഷ നല്‍കിയത് 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും കമ്പനി വാദിച്ചു. അതിനാല്‍ ക്ലെയിം നല്‍കാനാവില്ലെന്നും കമ്പനി നിലപാടെടുത്തു. കമ്പനിയുടെ വാദം ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തള്ളി. കാണാതായി 7 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് വകുപ്പ് 108 പ്രകാരം കാണാതായതായി അനുമാനിക്കാന്‍ കഴിയുകയുള്ളുവെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
2021ലാണ് 7 വര്‍ഷം കഴിഞ്ഞത്. 2019ല്‍ തന്നെ പരാതിക്കാരിയായ അമ്മ, മാര്‍ഗരറ്റ് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചിരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചട്ടങ്ങള്‍ പ്രകാരമുള്ള സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇതെന്നും വെറുമൊരു സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതിയല്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരാണ് ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ ക്ലെയിം അനുവദിക്കുന്നത് സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനി എത്രയും വേഗം തീരുമാനമെടുക്കണമെന്നും 2 മാസത്തിനുള്ളില്‍ പരാതി പരിഹരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
CONTENT HIGH LIGHTS; Company rejects insurance claim of fisherman who went missing at sea 10 years ago: Human Rights Commission to decide within two months