Automobile

ഒറ്റ ചാര്‍ജില്‍ 261 കിലോമീറ്റര്‍ പറക്കാം! വില 1.20 ലക്ഷം മുതൽ; ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി അള്‍ട്രാവയലറ്റ് | Ultraviolet electric scooter

ആദ്യത്തെ 1,000 യൂണിറ്റുകള്‍ക്ക് 1.43 ലക്ഷം രൂപയാണ് പ്രാരംഭവില

ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ടെസ്റ്ററാക്റ്റ് എന്ന പേരില്‍ ലോഞ്ച് ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറിന്റെവില 1.20 ലക്ഷം രൂപയാണ്. ആദ്യത്തെ 10,000 വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ വിലയില്‍ വാഹനം ലഭിക്കുക. പിന്നീട് ഇത് 1.45 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുക എന്ന് കമ്പനി അറിയിച്ചു.

കൂടാതെ ഷോക്ക് വേവ് എന്ന പേരില്‍ പുതിയ ഇലക്ട്രിക് ബൈക്കും കമ്പനി പുറത്തിറക്കി. ആദ്യത്തെ 1,000 യൂണിറ്റുകള്‍ക്ക് 1.43 ലക്ഷം രൂപയാണ് പ്രാരംഭവില. രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള ബുക്കിംഗ് ബുധനാഴ്ച ആരംഭിച്ചു. 2026 ന്റെ ആദ്യ പാദത്തില്‍ ഡെലിവറികള്‍ ആരംഭിക്കും. ടിവിഎസ് മോട്ടോറും സോഹോ കോര്‍പ്പറേഷനും നിക്ഷേപകരായ അള്‍ട്രാവയലറ്റ്, വിപണി സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ദീര്‍ഘദൂര ക്രൂയിസര്‍ ബൈക്കുകള്‍ ഉള്‍പ്പെടെ 10 പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നതായി കമ്പനി പറഞ്ഞു.

നിലവിലുള്ള പെര്‍ഫോമന്‍സ് ബൈക്കുകളുടെ എഫ് സീരീസിന് കീഴില്‍ ഒരു പുതിയ ബൈക്കും ‘ഷോക്ക് വേവ്’ എന്നതിനൊപ്പം എല്‍ സീരീസിന് കീഴില്‍ രണ്ട് ലൈറ്റ് വെയ്റ്റ് ബൈക്കുകള്‍ കൂടിയും പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നതായും കമ്പനി അറിയിച്ചു. എക്‌സ് സീരീസിന് കീഴില്‍ മൂന്ന് മോഡലുകളും ബി സീരീസിന് കീഴില്‍ രണ്ട് ഉല്‍പ്പന്നങ്ങളും കൂടി കൊണ്ടുവരാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

‘ഞങ്ങളുടെ പുതിയ സ്‌കൂട്ടറിന്റെയും ലൈറ്റ്-വെയ്റ്റ് മോട്ടോര്‍സൈക്കിളിന്റെയും ഐക്കണിക് ഡിസൈന്‍, സെഗ്മെന്റ്-ഡിഫൈനിംഗ് സവിശേഷതകള്‍, കാറ്റഗറി-ലീഡിംഗ് പ്രകടനം എന്നിവ വേറിട്ടതാണ്. സമാനതകളില്ലാത്ത റൈഡിംഗ് അനുഭവം ഇവ ഉറപ്പാക്കും’- അള്‍ട്രാവയലറ്റിന്റെ സിഇഒയും സഹസ്ഥാപകനുമായ നാരായണ്‍ സുബ്രഹ്മണ്യം പറഞ്ഞു.

ടെസ്സറാക്റ്റ് ഇ-സ്‌കൂട്ടറിന് 20.1 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുക. ഒറ്റ ചാര്‍ജില്‍ 261 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയും. സ്‌കൂട്ടറിന് മൂന്ന് ബാറ്ററി ഓപ്ഷനുകള്‍ ലഭിക്കും – 3.5kWh, 5kWh, 6kWh. യാത്ര ചെയ്യാന്‍ കഴിയുന്ന റേഞ്ച് ബാറ്ററി ഓപ്ഷനെ ആശ്രയിച്ചിരിക്കും.

content highlight: Ultraviolet electric scooter