Kerala

അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയവുമായി കെ.സി.എ: പദ്ധതി ചെലവ് 14 കോടി, ആദ്യഘട്ട നിര്‍മ്മാണം ഏപ്രിലില്‍; കോട്ടയം സി.എം.എസ് കോളജുമായി ധാരണപത്രം ഒപ്പുവെച്ചു; ബി.സി.സി.ഐ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് വേദിയാകും

കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും സിഎംഎസ് കോളേജും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. കോട്ടയം ജില്ലയില്‍ ബിസിസിഐ ഫസ്റ്റ് ക്ലാസ് നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടാവും സിഎംഎസ് കോളേജില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മ്മിക്കുക. സ്റ്റേഡിയം പദ്ധതിക്കായി കോളേജ് 30 വര്‍ഷത്തേക്ക് നിലവിലുള്ള ഗ്രൗണ്ട് കെസിഎയ്ക്ക് നല്‍കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇതേ രീതിയില്‍ തിരുവനന്തപുരം തുമ്പ സെന്റ്.സേവ്യേഴ്‌സ് കോളേജിലും, ആലപ്പുഴ എസ്.ഡി കോളേജിലും ഗ്രൗണ്ടുകള്‍ നിര്‍മ്മിച്ചിരുന്നു.

നിര്‍മാണത്തിന്റെ ഒന്നാം ഘട്ടത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ട് കൂടാതെ പവലിയന്‍, സ്പ്രിംഗ്ലര്‍ സിസ്റ്റം, ഇന്‍ഡോര്‍ ഔട്ട് ഡോര്‍ പ്രാക്ടീസ് സംവിധാനം, അത്യാധുനിക ജിംനേഷ്യം, ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവ ഉണ്ടാവും. പദ്ധതി ചെലവ് 14 കോടി രൂപ രൂപയാണ്. രണ്ടാം ഘട്ടത്തില്‍ ഫ്‌ലഡ് ലൈറ്റ് സംവിധാനം ഉണ്ടാവും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍, സി.എം.എസ് കോളേജ് മാനേജറും സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പുമായ റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് എഗ്രിമെന്റ് ഒപ്പിട്ടു.

നിര്‍മാണ പ്രവര്‍ത്തനം ഏപ്രില്‍ അവസാനത്തോടെ തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കോട്ടയത്തു രഞ്ജി ട്രോഫി ഉള്‍പ്പടെ ബി.സി.സി.ഐ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് വേദിയാകും. കോട്ടയം ജില്ലയിലെ യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്കാനും മത്സങ്ങളില്‍ പങ്കെടുക്കാനും സാധിക്കും. സംസ്ഥാനത്ത് ക്രിക്കറ്റിന്റെ സമഗ്രവികസനത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ മറ്റൊരു ഉദാഹരണമാണ് സി.എം.എസ് ക്രിക്കറ്റ് സ്റ്റേഡിയം എന്ന് കെ.സി.എ സെക്രട്ടറി വിനോദ് .എസ് കുമാര്‍ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍, സി.എസ്.ഐ മധ്യകേരള ഇടവക ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ്, സി.എസ്.ഐ – മധ്യ കേരള മഹാഇടവക ക്ലെര്‍ജി സെക്രട്ടറി റവ. അനിയന്‍ കെ. പോള്‍, സി.എസ്.ഐ – മധ്യ കേരള മഹാ ഇടവക ലേ സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ജെ. ഡാനിയല്‍ , രജിസ്ട്രാര്‍ അഡ്വ. ഷീബാ തരകന്‍, ബര്‍സര്‍ റവ. ചെറിയാന്‍ തോമസ്, ഹയര്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് സെക്രട്ടറി ജേക്കബ് ഫിലിപ്പ് മോങ്കുഴി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.അഞ്ജു സൂസന്‍ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ: റീനു ജേക്കബ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മേധാവി ഡോ. ചാള്‍സ് എ ജോസഫ്, അസോ. പ്രൊഫ. ജാക്‌സ്ണ്‍ പോള്‍ വി, കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

CONTENT HIGH LIGHTS; KCA with state-of-the-art cricket stadium; MoU signed with CMS College, Kottayam; BCCI will host first-class matches; Project cost 14 crores, construction of first phase in April