വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 3 ദിവസമാണ് കസ്റ്റഡി കാലാവധി. പാങ്ങോട് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ നെടുമങ്ങാട് JFM കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. പിതൃ മാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കോടതിയോട് 3 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്.
പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പും നടത്തും. സൽമാബീവിയയുടെ വീട്ടിലും ആഭരണങ്ങൾ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.
അതിന് ശേഷമായിക്കും മറ്റ് 4 പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങൾ ആരംഭിക്കുക. ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയിൽ വാങ്ങലാകും ഉണ്ടാകുക.
അഫാന്റെ മൊബൈൽ ഫോൺ ഇതുവരെയും വിശദമായി പരിശോധിച്ചിട്ടില്ല. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഗൂഗിൾ ഹിസ്റ്ററി ഡിലീറ്റ് ചെയ്ത നിലയിലാണ്.
ഫെബ്രുവരി 24 ന് ആയിരുന്നു അഫാൻ കൂട്ടക്കൊലപാതകം നടത്തിയത്. പിതൃമാതാവ് സൽമാ ബീവിക്ക് പുറമേ, പിതൃസഹോദരൻ ലത്തീഫ്, അമ്മ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ നടന്നത്.
ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പ്രതി സ്വയം പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു.
എന്നാൽ ആത്മഹത്യ ചെയ്യുമ്പോൾ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നുവെന്നും പ്രതി അന്വേഷണ സംഘത്തെ അറിയിച്ചു.