Food

രുചികരമായ എഗ്ഗ് മഞ്ചൂരിയൻ ട്രൈ ചെയ്തിട്ടുണ്ടോ?

രുചികരമായ എഗ്ഗ് മഞ്ചൂരിൻ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • മുട്ട
  • ഉപ്പ്
  • കുരുമുളകുപൊടി
  • എണ്ണ
  • മുളകുപൊടി
  • ചിക്കൻമസാല
  • കോൺഫ്ലോർ
  • ഇഞ്ചി
  • വെളുത്തുള്ളി
  • സവാള
  • പച്ചമുളക്
  • സോയസോസ്
  • തക്കാളി സോസ്
  • വിനാഗിരി
  • വെള്ളം
  • മല്ലിയില

തയ്യാറാക്കുന്ന വിധം

രണ്ട് മുട്ട പൊട്ടിച്ചതിലേയ്ക്ക് കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് പുരട്ടിയതിനു ശേഷം മുട്ട ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. വെന്തു വന്ന മുട്ട ചെറിയ കഷ്ണങ്ങളായി മുറിച്ച് അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ചിക്കൻമസാല, അര ടീസ്പൂൺ കോൺഫ്ലോർ എന്നിവ ചേർത്തിളക്കുക. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് മുട്ട കഷ്ണങ്ങൾ വറുത്തെടുക്കുക.

ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ സവാള ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. ഒരു ടീസ്പൂൺ സോയസോസ്, രണ്ട് ടേബിൾസ്പൂൺ തക്കാളി സോസ്, ഒരു ടീസ്പൂൺ വിനാഗിരി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കിയതിലേയ്ക്ക് കാൽ കപ്പ് വെള്ളം കൂടി ഒഴിക്കുക. തിളച്ചു വരുമ്പോൾ മുട്ട ചേർത്തിളക്കി അൽപ്പം മല്ലിയില കൂടി ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.