സ്വർണ കേസ് തട്ടിപ്പ് കേസ് പ്രതിയായ ഹീര ഗോൾഡ് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ നൗഹീറ ഷെയ്കിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. നിക്ഷേപകരിൽനിന്ന് തട്ടിയ 25 കോടി രൂപ മൂന്ന് മാസത്തിനകം തിരികെ നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. മറിച്ചാണെങ്കിൽ ജയിൽ പോകാൻ തയ്യാറാകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഒട്ടേറെ നിക്ഷേപകരിൽ നിന്നായി നൗഹീറ ഷെയ്ക് 5,600 കോടി രൂപ തട്ടിയതായാണ് ആരോപണം. പല സംസ്ഥാനങ്ങളിലും ഇവർക്കെതിരേ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിനിടെയാണ്, ബുധനാഴ്ച നടന്ന വിചാരണയിൽ നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത പണത്തിന്റെ ഒരു ഭാഗം മൂന്ന് മാസത്തിനകം തിരികെ നൽകിയില്ലെങ്കിൽ നൗഹീറയെ കസ്റ്റഡിയിലെടുക്കാൻ കോടതി ഇ.ഡി.യോട് ആവശ്യപ്പെട്ടത്. അവസാന അവസരമെന്ന നിലയിൽ പണം അടയ്ക്കണമെന്നും അല്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷകണക്കിന് ആള്‍ക്കാരില്‍നിന്ന് വന്‍ലാഭം വാഗ്ദാനം ചെയ്താണ് ഹീര ഗ്രൂപ്പ് നിക്ഷേപം സ്വീകരിച്ചിരുന്നത്. 36% വരെ ലാഭമാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നത്. കോടിക്കണക്കിന് രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്.
നൗഹീറയുടെ പക്കൽ പണമില്ലെന്ന് അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്ന് ഇ.ഡി.യും ചൂണ്ടിക്കാട്ടി.