മലപ്പുറം കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരകുണ്ട് സ്വദേശി ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ടിലേതെന്ന പേരിൽ പ്രചരിപ്പിച്ച ദൃശ്യം യഥാർത്ഥത്തിൽ പകർത്തിയത് വയനാട് തിരുനെല്ലിയിൽ നിന്നാണ്.
ഒരു നാടിനെ മുഴുവൻ പരിഭ്രാന്തിലാഴ്ത്തിയ കുറ്റകൃത്യമാണ് കരുവാരകുണ്ട് സ്വദേശി ജെറിൻ ചെയ്തത്. താൻ കാറിൽ രാത്രി യാത്ര ചെയ്യുമ്പോൾ കടുവയെ കണ്ടു എന്നും തൊട്ടടുത്തുവെച്ച് ദൃശ്യങ്ങൾ പകർത്തി എന്നുമാണ് ഇയാൾ പ്രചരിപ്പിച്ചത്. എന്നാൽ വനംവകുപ്പിന്റെ അന്വേഷണത്തിൽ ഇത് വ്യാജമെന്ന് തെളിഞ്ഞു.
മൂന്നുവർഷം മുൻപുള്ള ദൃശ്യം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ജെറിൻ നിലമ്പൂർ സൗത്ത് ഡി എഫ് ഒ ധനിക് ലാൽ മുമ്പാകെ കുറ്റസമ്മതം നടത്തി. വനം വകുപ്പ് കരുവാരകുണ്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസടുത്തത്. രാത്രി തന്നെ ജെറിനെ അറസ്റ്റ് ചെയ്തു.