മഞ്ജു വാര്യരുടെ ബോളിവുഡ് അരങ്ങേറ്റമാകേണ്ട ചിത്രമായിരുന്നു ‘അമേരിക്കി പണ്ഡിറ്റ്’. ആർ മാധവനായിരുന്നു ചിത്രത്തിൽ നായകൻ. കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് പിന്നീട് സിനിമ ഉപേക്ഷിക്കുകയായിരുന്നു. സേക്രഡ് ഗെയിംസ് എന്ന അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹിന്ദി സീരിസിലേക്കും മഞ്ജു ഓഡിഷൻ നടത്തിയിരുന്നു. തന്റെ ആദ്യ സിനിമയ്ക്ക് ശേഷം വീണ്ടും ഓഡിഷൻ നടത്തിയത് ഈ സീരിസിന് വേണ്ടിയായിരുന്നു എന്ന് പറയുകയാണ് മഞ്ജു വാര്യര്‍. ഈ രണ്ടു പ്രോജ്കടുകളെയും കുറിച്ച് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു സംസാരിച്ചത്.
‘ഞാൻ ആർ മാധവനൊപ്പം ഒരു ഹിന്ദി സിനിമ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ കോവിഡ്-19 ഷൂട്ട് തടസ്സപ്പെടുത്തി. ചില കാരണങ്ങളാൽ ഞങ്ങൾക്ക് അത് പുനരാരംഭിക്കാനായില്ല. അതൊരു മനോഹരമായ പദ്ധതിയായിരുന്നു, പിന്നീട് മാധവൻ റോക്കറ്ററി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായി. പക്ഷേ സങ്കടകരമെന്നു പറയട്ടെ, സിനിമയുടെ സ്ക്രിപ്റ്റ് അതി മനോഹരമായിരുന്നു. അതിനുമുമ്പ് ഞാൻ സേക്രഡ് ഗെയിംസിനായി ഓഡിഷനും നടത്തിയിരുന്നു,” മഞ്ജു പറഞ്ഞു.
ഫൂട്ടേജ് സിനിമയുടെ ഹിന്ദി റിലീസിനോട് അനുബന്ധിച്ച് നടത്തിയ ഈ അഭിമുഖത്തില്‍ അനുരാഗ് കശ്യപും ഭാഗമായിരുന്നു. ‘സേക്രഡ് ഗെയിംസ് എന്ന സീരിസിലെ റോ ഓഫീസർ കുസും ദേവി യാദവ് എന്ന കഥാപാത്രത്തിനായി മഞ്ജു വാര്യറിനെ കാസ്റ്റ് ചെയ്യാൻ ആലോചിച്ചിരുന്നു. കുസും ദേവിയെ ഹിന്ദിയല്ലാതെ മറ്റ് ഭാഷകളില്‍ നിന്ന് ഒരു നടി അവതരിപ്പിക്കണം എന്നായിരുന്നു ഞങ്ങളുടെ താല്‍പര്യം. നയൻതാര, മഞ്ജു വാര്യർ തുടങ്ങി പല ഓപ്ഷനുകളും ഒടിടി പ്ലാറ്റ്ഫോമിന് മുന്നില്‍ വെച്ചിരുന്നു. പക്ഷെ ആ സമയത്ത് ഒടിടി സൗത്ത് ഇന്ത്യൻ സിനിമകളെയോ അഭിനേതാക്കളെയോ അധികം ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കാസ്റ്റിങ് നടക്കാതെ പോയി. പിന്നീട് ആ റോൾ അമൃത സുഭാഷ് എന്ന നടി ചെയ്തു,” അനുരാഗ് കശ്യപ് പറഞ്ഞു.
ഇതിന് പിന്നാലെ സേക്രഡ് ഗെയിംസുമായി ബന്ധപ്പെട്ട തന്‍റെ അനുഭവം മഞ്ജു വാര്യരും പങ്കുവെച്ചു. തന്റെ ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരിക്കല്‍ മാത്രമേ ഓഡിഷന് പോയിട്ടുള്ളു എന്നും, അത് സേക്രഡ് ഗെയിംസിന് വേണ്ടിയായിരുന്നു എന്നും മഞ്ജു വാര്യർ പറഞ്ഞു.
content highlight: Manju Warrier about Hindi series