ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം 165 കിലോമീറ്റര്‍ റേഞ്ചുള്ള ഷോക്ക്‌വേവ് ഇലക്ട്രിക്ക് ബൈക്കും പുറത്തിറക്കി അള്‍ട്രാവൈലറ്റ്. തുടക്കകാല ഓഫറായി ആദ്യം ബുക്കു ചെയ്യുന്ന 1,000 ഷോക്ക്‌വേവ് ഇലക്ട്രിക്ക് ബൈക്കിന് 1.50 ലക്ഷം രൂപയാണ് വില. പിന്നീട് ബുക്കു ചെയ്യുന്നവര്‍ ഷോക്ക്‌വേവ് സ്വന്തമാക്കാന്‍ 1.75 ലക്ഷം രൂപ നല്‍കേണ്ടി വരും.
120 കിലോഗ്രാം മാത്രം ഭാരമുള്ള ഷോക്ക് വേവ് 14.7 എച്ച്പി കരുത്തും പരമാവധി 505എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍. മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 2.9 സെക്കന്‍ഡ് മതി. ഷോക്ക്‌വേവിനൊപ്പം അള്‍ട്രാവൈലറ്റ് പുറത്തിറക്കിയ ടെസെറാക്ട് സ്‌കൂട്ടറിനും ഇതേ വേഗതയുണ്ട്.
165 കിലോമീറ്റര്‍ ഐഡിസി അംഗീകൃത റേഞ്ചായി പറയുമ്പോഴും ബാറ്ററിയുടെ കപ്പാസിറ്റി സംബന്ധിച്ച വിശദാംശങ്ങള്‍ അള്‍ട്രാവൈലറ്റ് പുറത്തുവിട്ടിട്ടില്ല. 37എംഎം യുഎസ്ഡി ഫോര്‍ക്കിനും മോണോഷോക്കിനുമാണ് മുന്നിലേയും പിന്നിലേയും സസ്‌പെന്‍ഷന്‍ ചുമതല. മുന്നിലെ ടയറിന് 90/90-ആര്‍19 വലിപ്പവും പിന്നിലേതിന് 110/90-ആര്‍17 വലിപ്പവുമാണുള്ളത്. മുന്നില്‍ 270എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220എംഎം ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു .
കറുപ്പ്/മഞ്ഞ, വെള്ള/ചുവപ്പ് എന്നിങ്ങനെ രണ്ട് കളര്‍ കോംബിനേഷനുകള്‍. അടുത്ത വര്‍ഷം ആദ്യ പാദം മുതല്‍ ഷോക്ക് വേവിന്റെ വിതരണം ആരംഭിക്കുമെന്നും അള്‍ട്രാവൈലറ്റ് അറിയിച്ചിട്ടുണ്ട്. അഞ്ച് പ്ലാറ്റ്‌ഫോമുകളാണ് വൈദ്യുത ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കാനായി അള്‍ട്രാവൈലറ്റിനുള്ളത്. ഇതില്‍ സ്‌പോര്‍ട് ബൈക്കുകള്‍ക്കായി എഫ് പ്ലാറ്റ്‌ഫോവും സ്‌കൂട്ടറുകള്‍ക്കായി എസും ലൈറ്റ് വൈറ്റ് ബൈക്കുകള്‍ക്കായി എല്ലും ഉപയോഗിക്കുന്നു. എക്‌സ്, ബി എന്നിങ്ങനെയുള്ള രണ്ട് പ്ലാറ്റ്‌ഫോമുകള്‍ കൂടി അള്‍ട്രാവൈലറ്റിനുണ്ട്. എന്നാല്‍ ഇവ ഏതു തരം വാഹനങ്ങള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
content highlight: Shockwave Bike