അവയമാറ്റ ശസ്ത്രക്രിയ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കിയ സര്‍ജനായിരുന്നു ഡോ. ജോര്‍ജ് പി. എബ്രഹാമെന്ന് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച യോഗം അനുസ്മരിച്ചു. കേരളത്തില്‍ അവയവമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച് ഭയവും ദുഷ്പ്രചരണങ്ങളും നിലനിന്ന സമയത്ത് അതു സംബന്ധിച്ച ബോധവല്‍ക്കരണത്തിന് അദ്ദേഹം നേതൃത്വം നല്‍കിയെന്നും യോഗത്തില്‍ പങ്കെടുത്ത പ്രമുഖര്‍ അനുസ്മരിച്ചു. അദ്ദേഹവുമായി അടുത്തിടപഴകിയ പ്രമുഖ വ്യക്തികളും സഹപ്രവര്‍ത്തകരും രോഗികളും കുടുംബാംഗങ്ങള്‍ക്കൊപ്പം ആശുപത്രിയില്‍ ഒത്തുചേര്‍ന്നു.
ഡോ. ജോര്‍ജ് പി. എബ്രഹാമിന്റെ വിജയകരമായ 2500 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ആഘോഷം വരുന്ന ഏപ്രില്‍ നാലിന് സംഘടിപ്പിക്കാനിരിക്കെ നടത്തേണ്ടി വന്ന ഈ കൂടിച്ചേരല്‍ ഒരിക്കലും ആഗ്രഹിക്കാത്തതാണെന്ന് വി.പി.എസ് ലേക്ഷോര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. സദാസമയവും രോഗികളെയും ജോലിയെയും കുറിച്ച് മാത്രം സംസാരിച്ചിരുന്ന അദ്ദേഹത്തിന് എപ്പോഴും വിജയിക്കാനുള്ള മനസ്സായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. ഒരു ഡോക്ടര്‍ എന്നതിലുപരി മനുഷ്യത്വത്തിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു അദ്ദേഹമെന്നും കുടുംബാംഗങ്ങള്‍ക്ക് മാത്രമല്ല ജീവന്‍ തിരിച്ചു കിട്ടിയ ആയിരക്കണക്കിന് രോഗികള്‍ക്കും അദ്ദേഹത്തിന്റെ മരണം കനത്ത ആഘാതമാണെന്നും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമേല്‍ പറഞ്ഞു. പ്രതിഭാശാലിയും മനുഷ്യസ്നേഹിയുമായ ഒരു ഡോക്ടറെയാണ് ഡോ. ജോര്‍ജ് പി എബ്രഹാമിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് ഹൈബി ഈഡന്‍ എം.പി അനുസ്മരിച്ചു. സാധാരണക്കാര്‍ക്ക് അവയവ മാറ്റത്തിന് ആശ്രയിക്കാവുന്ന ആശുപത്രിയാക്കി ലേക്ഷോറിനെ മാറ്റുന്നതിന് അദ്ദേഹം വലിയ പങ്കു വഹിച്ചതായും ഹൈബി കൂട്ടിച്ചേര്‍ത്തു. ഒരിക്കലും പരാജയം ഏറ്റുവാങ്ങാന്‍ തയ്യാറല്ലാത്ത ഒരു മനുഷ്യന്റെ തിരിഞ്ഞു നടത്തമായാണ് താന്‍ ഈ മരണത്തെ കാണുന്നതെന്ന് ഫ്ളവേഴ്സ് ടി. വി, 24 ന്യൂസ് എം. ഡി ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. പ്രസാദാത്മകതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയ്ക്ക് ഇത്രയേറെ ഞെട്ടലോടെ ഒരു മരണവാര്‍ത്ത അറിഞ്ഞിട്ടില്ലെന്ന് സഫാരി ടിവി എംഡി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു. ലേക്ഷോര്‍ ആശുപത്രി എം.ഡി എസ്. കെ അബ്ദുള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോര്‍ജ്ജ് പി. എബ്രഹാം വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികളും അനുസ്മരണത്തില്‍ പങ്കെടുത്തു. ചടങ്ങിന് ശേഷം ഡോ. ജോര്‍ജ്ജ് പി. എബ്രഹാമിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.