കാലിഫോര്‍ണിയ: മെറ്റയുടെ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പില്‍ പുതിയ മെറ്റ എഐ ഇന്‍റര്‍ഫേസ് വരുന്നു . വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് പതിപ്പിലായിരിക്കും പരിഷ്‌കരിച്ച ഈ മെറ്റ എഐ ഇന്‍റര്‍ഫേസ് ആദ്യം വരിക. പുതിയ മെറ്റാ എഐ ഇന്‍റർഫേസ് നിലവിലുള്ള ചാറ്റ് വിൻഡോ പോലെ ആയിരിക്കില്ല. പകരം സ്‌ക്രീനിന്‍റെ വലിയൊരു ഭാഗത്ത് ചാറ്റ്‌ബോട്ടിന്‍റെ ലോഗോയും താഴെ “ലിസണിംഗ്” എന്ന ഐക്കണും ഉണ്ടായിരിക്കും. ഉപയോക്താക്കൾക്ക് എഐയുമായി സംഭാഷണം ആരംഭിക്കാനോ ചോദ്യം ചോദിക്കാനോ കഴിയും.
വാട്‌സ്ആപ്പ് ഉപയോക്താക്കൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ചാറ്റ്ബോട്ടായ മെറ്റ എഐ ആക്‌സസ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതികളില്‍ മെറ്റ നിരവധി മാറ്റങ്ങൾ വരുത്തുന്നതായാണ് റിപ്പോർട്ട്. പുത്തന്‍ മെറ്റ എഐ ഇന്‍റര്‍ഫേസ് ഒരു ഓട്ടോമാറ്റിക് വോയ്‌സ് മോഡ് വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.
ആൻഡ്രോയ്‌ഡ് 2.25.5.22 വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷനെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ അപ്‌ഗ്രേഡ് ഫീച്ചർ വാട്‌സ്ആപ്പ് ഫീച്ചര്‍ ട്രാക്കറായ WABetaInfo ആണ് വെളിപ്പെടുത്തിയത്. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ സാധാരണ ചാറ്റ് വിൻഡോ തുറക്കാതെ തന്നെ മെറ്റ എഐ ചാറ്റ്ബോട്ടുമായി സംവദിക്കാൻ ഉപഭോക്താക്കൾക്ക് കഴിയും. ഫീച്ചർ ട്രാക്കർ പങ്കിട്ട സ്‌ക്രീൻഷോട്ടുകൾ അനുസരിച്ച്, വാട്‌സ്ആപ്പിന്‍റെ ചാറ്റ് സ്‌ക്രീനിന് താഴെ-വലത് കോണിലുള്ള മെറ്റ എഐ ഐക്കണിൽ ദീർഘനേരം അമർത്തിപ്പിടിച്ച് പുതിയ ഇന്‍റർഫേസിൽ മെറ്റ എഐ തുറക്കാനും വോയ്‌സ് മോഡ് പ്രവർത്തനക്ഷമമാക്കാനും കഴിയും.
ഉപയോക്താക്കൾക്ക് മൈക്രോഫോൺ ബട്ടൺ ടാപ്പ് ചെയ്‌തോ ടെക്സ്റ്റ് ഫീൽഡിൽ എന്തെങ്കിലും ടൈപ്പ് ചെയ്‌തോ ടെക്സ്റ്റ് മോഡിലേക്ക് തടസമില്ലാതെ മാറാൻ കഴിയും എന്നും ഫീച്ചർ ട്രാക്കർ റിപ്പോർട്ട് പറയുന്നു. മെറ്റാ എഐ ഉപയോക്താക്കൾ ഈ ഇന്‍റർഫേസിൽ ആയിരിക്കുന്നതുവരെ മാത്രമേ അവരെ ശ്രദ്ധിക്കൂ എന്നും റിപ്പോർട്ടുകൾ പറയുന്നു. അവർ വിൻഡോയിൽ നിന്ന് പുറത്തുകടന്നാൽ, സെഷനും അവസാനിക്കും. പുതിയ ഇന്‍റർഫേസിൽ ഉപയോക്താക്കൾക്ക് പ്രചോദനം ലഭിക്കാൻ ലക്ഷ്യമിട്ടുള്ള പ്രോംപ്റ്റ് നിർദ്ദേശങ്ങളും ചേർത്തേക്കും.
എന്നാല്‍ പുതിയ മെറ്റ എഐ ഇന്‍റര്‍ഫേസ് വാട്‌സ്ആപ്പില്‍ എപ്പോഴാണ് പ്രത്യക്ഷപ്പെടുക എന്ന് വ്യക്തമല്ല. വാട്‌സ്ആപ്പ് മെറ്റ എഐ പുനർരൂപകൽപ്പന ചെയ്യുന്നതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. 2025-ൽ മെറ്റാ എഐയില്‍ വലിയ അപ്‌ഗ്രേഡുകള്‍ കൊണ്ടുവരുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് അടുത്തിടെ പ്രസ്താവിച്ചതിന് പിന്നാലെയാണ് പരിഷ്‌കരണം സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.
content highlight : whatsapp-for-android-might-soon-get-redesigned-meta-ai-interface-report