Thiruvananthapuram

തൊഴില്‍ തര്‍ക്കം തീര്‍പ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി വര്‍ദ്ധിപ്പിച്ചു

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയിലെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചു. റസ്റ്റോറന്റ്‌റ് മുതല്‍ ഡെലിവറി പോയിന്റ് വരയുള്ള ദൂരത്ത് കിലോമീറ്ററിന് 6 രൂപ 50 പൈസ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയും ഒരു ഡെലിവറിക്ക് മിനിമം കൂലിയായി 25രൂപ ഉറപ്പാക്കിയും ഡെലിവറി പാര്‍ട്ണര്‍ നില്‍ക്കുന്ന സ്ഥലത്തു നിന്ന് റസ്റ്റോറന്റ് വരെയുള്ള ദൂരത്തിന് കിലോമീറ്ററിന് 5 രൂപ എന്ന നിരക്കിലും ഡെലിവറി പൂര്‍ത്തീകരിച്ചുള്ള റിട്ടേണ്‍ ദൂരത്തിന് കിലോമീറ്ററിന് 6 രൂപ നിരക്ക് വ്യവസ്ഥകളോടെ അംഗീകരിച്ചുമാണ് കൂലി പുതുക്കി നിശ്ചയിച്ചത്. മാര്‍ച്ച് 10 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നറിയിച്ച് തൊഴിലാളികളുടെ സംയുക്ത സമരസമിതി സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ മന്ത്രിയുടെ നിര്‍ദേശാനുസരണം നടന്ന ചര്‍ച്ചയിലാണ് തീരുമാനം. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.എം.സുനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി ഐ ടി യു പ്രതിനിധി സുകാര്‍ണോ, ഐ എന്‍ ടി യു സി പ്രതിനിധി പ്രതാപന്‍, എ ഐ റ്റി യു സി പ്രതിനിധി സജിലാല്‍, റീജിയണല്‍ ഡയറക്ടര്‍ റാഹത്ത് ഖന്ന തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News