Travel

ചീങ്കേരി മലയും കടുവാക്കുഴിയും കാണാം! ഹിഡൻ സ്പോട്ടുകൾ തേടിയിറങ്ങാം | cheengeri-hills-and-kaduvakuzhi-cave-hidden-adventure-tourism-spots-in-wayanad

വയനാട്ടിലെ സ്ഥലമെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുന്ന നിബിഡ വനം ഇവിടെയില്ല

കേരളത്തിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പലരും ഒന്നിലേറെ തവണ പോയിട്ടുണ്ടാകും. എന്നാൽ, എല്ലാ ജില്ലകളിലും കുറച്ച് മനോഹരമായ സ്ഥലങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. സഞ്ചാരികളുടെ കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുന്ന അത്തരം സ്ഥലങ്ങൾ കണ്ടെത്തുകയാണ് ഇന്നത്തെ യാത്രകളുടെ ഒരു രീതി. അത്തരത്തിൽ വയനാട് ജില്ലയിലുള്ള രണ്ട് സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. വയനാട്ടിലെ മനോഹരമായ ഒരു ട്രക്കിം​ഗ് സ്പോട്ടാണ് ചീങ്കേരി മല. വയനാട്ടിലെ സ്ഥലമെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുന്ന നിബിഡ വനം ഇവിടെയില്ല.

അമ്പലവയലിനടുത്ത് സ്ഥിതി ചെയ്യുന്ന ചീങ്കേരി മല അഥവാ ചീങ്കേരി കുന്നുകൾ സുൽത്താൻ ബത്തേരിയിൽ നിന്ന് കടുവാക്കുഴിയിലേക്കുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. മല മുകളിൽ നിന്ന് നോക്കിയാൽ മനോഹരമായ കാരാപ്പുഴ നദിയും പരിസര പ്രദേശങ്ങളും കാണാൻ കഴിയും. സൂര്യോദയവും സൂര്യാസ്തമയവും കാണാനും ചീങ്കേരി മല ഏറ്റവും മികച്ച ഓപ്ഷനാണ്. അതിശയിപ്പിക്കുന്ന കാഴ്ചകൾ നൽകുന്ന ഈ കുന്നിൻ മുകളിൽ സന്ദർശകർക്ക് ട്രെക്കിംഗ് നടത്താനും ക്യാമ്പ് ചെയ്യാനും കഴിയും. അത്ര എളുപ്പമല്ലാത്ത ട്രെക്കിം​ഗിനൊടുവിൽ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് സഞ്ചാരികൾക്കായി ചീങ്കേരി മല കാത്തുവെച്ചിരിക്കുന്നത്.

ഇവിടെ നിന്നാൽ ചെമ്പ്ര കൊടുമുടിയും ബാണാസുര മലനിരകളും കാണാൻ സാധിക്കും. ചീങ്കേരി മല വർഷം മുഴുവനും തുറന്നിരിക്കും. ചീങ്കേരി മലകൾക്ക് സമീപമുള്ള കടുവാക്കുഴി എന്ന 800 മീറ്റർ ഭൂഗർഭ ഗുഹയാണ് മറ്റൊരു ആകർഷണം. സാഹസികത രക്തത്തിൽ അലിഞ്ഞു ചേ‍ർന്നവ‍ർ മാത്രമേ കടുവാക്കുഴിയിലേയ്ക്ക് പോകാൻ പാടുള്ളൂ. കയർ, ഹെൽമെറ്റ്, കാൽമുട്ട് പാഡുകൾ, കയ്യുറകൾ, ഹെഡ്‌ലാമ്പുകൾ എന്നിവ നിർബന്ധമാണ്. തറനിരപ്പിൽ നിന്ന് 10 മീറ്റർ താഴ്ചയിലേക്ക് ഇറങ്ങിയാൽ കൂരിരുട്ട് മൂടും. വവ്വാലുകൾ, ചെറിയ ജീവികൾ, പ്രാണികൾ എന്നിവ ​ഗുഹയിലുണ്ടാകും. ശാരീരികമായി അത്രയേറെ വെല്ലുവിളികളാണ് കടുവാക്കുഴിയിൽ നേരിടേണ്ടി വരിക.

STORY HIGHLIGHTS:  cheengeri-hills-and-kaduvakuzhi-cave-hidden-adventure-tourism-spots-in-wayanad