Kerala

കാണാതായ വിദ്യാർഥിനികൾ മുംബൈയിൽ; ബ്യൂട്ടിപാർലറിൽ മുടി ട്രിം ചെയ്യാനെത്തി – tanur school student missing case

താനൂരില്‍നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളും മുംബൈ പനവേലില്‍ എത്തിയതായി പോലീസ് കണ്ടെത്തി. മുംബൈ പനവേലിലെ ബ്യൂട്ടിപാര്‍ലറില്‍ പെണ്‍കുട്ടികള്‍ എത്തിയതിന്റെയും ഇവിടെനിന്ന് മുടി ട്രിം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളും പോലീസ് കണ്ടെത്തി. നിലവില്‍ ഇവര്‍ മുംബൈ സി.എസ്.ടി. റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന.

എടവണ്ണ സ്വദേശിയായ യുവാവിനൊപ്പമാണ് രണ്ട് പെണ്‍കുട്ടികളും മുംബൈയിലെത്തിയതെന്നാണ് വിവരം. കാണാതാകുന്നതിന് മുന്‍പ് ഇയാള്‍ രണ്ട് പെണ്‍കുട്ടികളുടെയും മൊബൈല്‍ഫോണുകളിലേക്ക് വിളിച്ചിരുന്നു. ഇയാളുടെ ടവര്‍ ലൊക്കേഷന്‍ മുംബൈയിലാണെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്. താനൂരില്‍നിന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇരുവരും ട്രെയിന്‍ മാര്‍ഗം കോഴിക്കോടേക്കും അവിടെനിന്ന് മുംബൈയിലേക്കും പോയതായാണ് കരുതുന്നത്.

STORY HIGHLIGHT: tanur school student missing case