നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി. നിലമ്പൂർ സി.എച്ച് നഗറിലെ 80 കാരിയായ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണിക്കാണ് മർദനമേറ്റത്. അയൽക്കാരനായ വയോധികൻ ഷാജിയാണ് ഇന്ദ്രാണിയെ മർദിച്ചത്. വയോധികയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മർദ്ദനമേറ്റ് നിലത്ത് വീണുകിടന്ന ഇന്ദ്രാണിയെ രക്ഷപ്പെടുത്തിയത്.
അയൽക്കാർ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. നിലമ്പൂർ നഗരസഭ വൈസ് ചെയർ പേഴ്സണും വാർഡ് കൗൺസിലറൂം സ്ഥലത്തെത്തി ഇന്നലെ ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിധവയായ ഇന്ദ്രാണിയുടെ മകൻ സത്യനാഥൻ പുറത്തുപോകുമ്പോൾ അമ്മയെ നോക്കാൻ വേണ്ടി അയൽവാസി ഷാജിയെ ഏൽപ്പിച്ചതായിരുന്നു.
ഇന്ദ്രാണിയെ മർദ്ദിക്കുമ്പോൾ ഷാജി മദ്യലഹരിയിലായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തെത്തുടർന്ന് നിലമ്പൂര്‍ പോലീസ് ഷാജിയെ കസ്റ്റഡിയിൽ എടുക്കുകയും മർദ്ദനമേറ്റ ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
STORY HIGHLIGHT: assault on elderly former dance teacher