ഉത്തർപ്രദേശിലെ സീതാപൂരിൽ അഞ്ച് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാലു കഷണങ്ങളാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. അഞ്ചുവയസ്സുകാരിയായ താനിയെ ആണ് പിതാവ് മോഹിത്ത് കൊലപ്പെടുത്തിയത്. തർക്കത്തിലായിരുന്ന അയൽക്കാരുടെ വീട്ടിൽ പോയതിനെ തുടർന്നാണ് ഇയാൾ മകളെ കൊലപ്പെടുത്തിയത്.
ഫെബ്രുവരി 25നാണ് കുട്ടിയെ വീടിനടുത്ത്നിന്നും കാണാതായതായി പോലീസിന് വിവരം ലഭിച്ചിരുന്നത്. കുട്ടിയെ കണ്ടെത്താൻ നാലു ടീമുകളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം. തിരച്ചിലിൽ താനിയുടെ ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തി. അടുത്ത ദിവസം, മറ്റു ഭാഗങ്ങൾ കണ്ടെത്തിയതോടെ കുട്ടിയെ കൊലപ്പെടുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇതിനുപിന്നാലെ കുട്ടിയുടെ പിതാവ് മോഹിത്ത് അപ്രത്യക്ഷനായി. ഫോൺ ഭാര്യയുടെ കയ്യിൽ ഏൽപ്പിച്ചായിരുന്നു മോഹിത്ത് മുങ്ങിയത്. തിരച്ചിലിനൊടുവിൽ പൊലീസ് മോഹിത്തിനെ പിടികൂടി. മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം നാലു കഷണങ്ങളാക്കി മറവുചെയ്തെന്നു ചോദ്യം ചെയ്യലിൽ മോഹിത്ത് സമ്മതിച്ചു.
കുറച്ചു ദിവസങ്ങൾക്കു മുൻപ്, രണ്ടു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. രാമുവിന്റെ വീട്ടിലേക്കു പോകരുതെന്നു മകളോട് പലതവണ മോഹിത് പറഞ്ഞിരുന്നു. എന്നാൽ അഞ്ചു വയസ്സുകാരി രാമുവിന്റെ വീട്ടിൽ കളിക്കാനായി പോകുന്നതു തുടർന്നു. ഇതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. താനി മരണപ്പെട്ട ദിവസം രാമുവിന്റെ വീട്ടിൽനിന്നു മകൾ വരുന്നത് മോഹിത് കണ്ടിരുന്നു. പ്രകോപിതനായ മോഹിത് കുട്ടിയെ ബൈക്കിൽ ഇരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മൃതദേഹം നാലു കഷണളാക്കി ഉപേക്ഷിക്കുകയായിരുന്നു.
STORY HIGHLIGHT: father kills five year old daughter