Kerala

കേന്ദ്ര വായ്പ ഉപയോഗിച്ച് ചൂരൽമല പാലം പുനർനിർമിക്കും

തിരുവനന്തപുരം: വയനാട് പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ച പലിശരഹിത വായ്പയായ 529.5 കോടി രൂപയിൽ 38 കോടി രൂപ ഉപയോഗിച്ച് ചൂരൽമല പാലം പുനർനിർമിക്കും. ഇതിനായി പൊതുമരാമത്ത് (പാലങ്ങൾ) ചീഫ് എൻജിനീയർ തയാറാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ദുരന്തനിവാരണ വകുപ്പ് ഭരണാനുമതി നൽകി. 100 മീറ്റർ സ്പാനോടു കൂടിയ ബോസ്ട്രിങ് ആർച്ച് രീതിയിലുള്ള 267.95 മീറ്റർ നീളമുള്ള പാലമാകും നിർമിക്കുക.

പുഴയുടെ വീതി ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ചെലവ്, രൂപകൽപന, നിർമാണരീതികൾ, തടസ്സമില്ലാത്ത നദീതടം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു പാലം നിർമിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കിയത്. ഇവിടെ ഒലിച്ചു പോയ പാലത്തിനു പകരം ചൂരൽമലയെയും അട്ടമലയെയും തമ്മിൽ ബന്ധിപ്പിക്കാൻ പ്രതിരോധസേന നിർമിച്ച താൽക്കാലിക ബെയ്‌ലി പാലമായതിനാലാണു പുതിയതു നിർമിക്കുന്നത്. മുണ്ടക്കൈ ഭാഗത്ത് 100 മീറ്ററും മേപ്പാടി ഭാഗത്ത് 180 മീറ്ററും അപ്രോച്ച് റോഡുകൾ, ട്രാഫിക് സുരക്ഷാക്രമീകരണങ്ങൾ എന്നിവയും എസ്റ്റിമേറ്റിന്റെ ഭാഗമാണ്.

Latest News