Kerala

മുംബൈയിലെ ബ്യൂട്ടിപാർലറിലെത്തി ഹെയര്‍‌ട്രീറ്റ്‍മെന്‍റ്; പെണ്‍കുട്ടികളുടെ ബാഗിൽ നിറയെ പണം കണ്ടെന്ന് ബ്യൂട്ടിപാര്‍ലര്‍ ഉടമ

മുംബൈ: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിലെത്തിയതിന് ശേഷം 5000 രൂപ വെച്ച് ഹെയര്‍ ട്രീറ്റ് മെന്‍റ് ചെയ്തു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിലെത്തിയാണ് ഇരുവരും ഹെയര്‍ ട്രീറ്റ് മെന്‍റ് ചെയ്തത്. ബ്യൂട്ടിപാർലറിൽ എത്തുമ്പോൾ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് ഉടമ ലൂസി പറഞ്ഞു.

‘കുട്ടികളുടെ ബാഗിൽ നിറയെ പണം പാർലറിലെ സ്റ്റാഫ് കണ്ടു. വന്നപ്പോൾ മുഖം മറച്ചാണ് രണ്ടുപേരും പാർലറിലേക്ക് എത്തിയത്. ആദ്യമൊക്കെ കൂളായി ഇരുന്നെങ്കിലും ആരുടെയോ ഫോൺ വന്നശേഷം ഹെയർ ട്രീറ്റ്‌മെന്റ് വേഗത്തിൽ ചെയ്യണമെന്നാവശ്യപ്പെട്ടു. ആറുമണിക്ക് പനവേലിലെത്തും. വണ്ടി വരും, എന്നൊക്കെ പറഞ്ഞു. തന്റെ ഫോൺ വാങ്ങി കുട്ടികൾ സുഹൃത്തിനെ വിളിച്ചെന്നും ആരോ വന്ന് കുട്ടികളെ അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോയെന്നും ലൂസി പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെയാണ് മലപ്പുറം താനൂർ ദേവദാർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെ കാണാതാകുന്നത്. ഇരുവരുടെയും കൈയിലെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുംബൈയിലാണ് ഇവരുള്ളതെന്ന് പൊലീസ് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുംബൈ – ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്ന് റെയിൽവേ പൊലീസാണ് വിദ്യാർഥികളെ കണ്ടെത്തിയത്. ലോണേവാലയിൽ നിന്നാണ് കുട്ടികളെ ലഭിച്ചത്. ആർപിഎഫ് സംഘം കുട്ടികളെ പുണെയിൽ എത്തിച്ച് താനൂർ പൊലീസിന് കൈമാറും. താനൂർ എസ്ഐയും രണ്ട് പൊലീസുകാരും രാവിലെയോടെ മുംബൈയിൽ എത്തും.