തെൽ അവിവ്: ഹമാസുമായി നേരിട്ട് ചർച്ച നടത്തിയത് ഇസ്രായേലിനെ സഹായിക്കാനെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ബന്ദികളെ ഉടൻ കൈമാറണമെന്ന ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഹമാസ്. ഗസ്സ ബദൽ പദ്ധതി സംബന്ധിച്ച് യുഎസ് നേതൃത്വവുമായി ചർച്ച തുടരുമെന്ന് അറബ് ലീഗ് അറിയിച്ചു. ഉപരോധത്തിലമർന്ന ഗസ്സയിൽ ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്.
ഹമാസുമായി നേരിട്ട് ചർച്ച നടത്തിയത് ഇസ്രായേലിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഭീകര സംഘടനയായി വിലയിരുത്തുന്ന ഹമാസുമായി അമേരിക്ക നേരിട്ട് ചർച്ച നടത്തിയതിൽ ഇസ്രായേൽ എതിർപ്പ് വ്യക്തമാക്കിയതായ മാധ്യമ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പ്രതികരണം. ഹമാസ് പിടിയിലുള്ള ബന്ദികളുടെ ജീവിതം ഏറെ ദുരിതപൂർണമാണെന്നും ട്രംപ് പറഞു.
എന്നാൽ ബന്ദികളെ ഉടൻ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ നശിപ്പിക്കുമെന്നും ഗസ്സയെ നരകമാക്കുമെന്നുമുള്ള യുഎസ് ട്രംപിന്‍റെ അന്ത്യശാസനം ഹമാസ് തള്ളി. സ്ഥിരമായ വെടിനിർത്തൽ കരാറിന്റെ ഭാഗമായല്ലാതെ ബന്ദിമോചനം സാധ്യമാകില്ലെന്ന് ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് ഖനൂറ പറഞ്ഞു. ഹമാസ് വഴങ്ങിയില്ലെങ്കിൽ ഇസ്രായേലിന് ആവശ്യമായ ആയുധങ്ങളുൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്നും ഗസ്സ വിടാനുള്ള അവസാന അവസരമാണെന്നും ട്രംപ് താക്കീത് ചെയതിരുന്നു. അധിനിവേശത്തിനെതിരായ പ്രതിരോധം എന്തു വില കൊടുത്തും തുടരുമെന്ന് ഹമാസും വ്യക്തമാക്കി.
അതിനിടെ, ഗസ്സ ബദൽ പദ്ധതി സംബന്ധിച്ച് യു.എസ് നേതൃത്വവുമായി ചർച്ച തുടരുമെന്ന് അറബ് ലീഗ് നേതൃത്വം അറിയിച്ചു. ഗസ്സയിലേക്ക് സഹായം നിഷേധിക്കുന്ന ഇസ്രായേൽ നടപടി സംഘർഷ സാഹചര്യം വഷളാക്കുമെന്ന് ഈജിപ്ത് ഉൾപ്പെടെ അറബ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ഭക്ഷണം, കുടിവെള്ളം, ജീവൻ രക്ഷാ മരുന്നുകൾ എന്നിവയുടെ ക്ഷാമം ഗസ്സയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നതായി യു.എൻ ഏജൻസികൾ വ്യക്തമാക്കി.