Automobile

വേനല്‍ചൂടു കൂടുന്നു, കാറിന്റെ ഇന്ധനക്ഷമത കുറയുമെന്ന് ആശങ്കയുണ്ടോ? ശ്രദ്ധിക്കുക | Summer fuel

ചൂടു കാറിന്റെ പുറത്തും അകത്തും മാത്രമല്ല ടയറുകളേയും നേരിട്ടു ബാധിക്കും

വേനല്‍ചൂടു കൂടുമ്പോള്‍ കാറിന്റെ ഇന്ധനക്ഷമത കുറയുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ഒന്നിലേറെ കാരണങ്ങളുണ്ട് അതിനു പിന്നില്‍. വേനല്‍കാലത്ത് ഇന്ധനക്ഷമത കാത്തുസൂക്ഷിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

വേനലില്‍ ഇന്ധനക്ഷമത കുറയുന്നതിന്റെ പ്രധാന കാരണം എസിയുടെ പ്രവര്‍ത്തനം സ്വാഭാവികമായും കൂടുമെന്നതാണ്. പുറത്തെ ചൂട് കാറിനുള്ളിലേക്കും യാത്രികരിലേക്കും പടരാതിരിക്കാന്‍ എല്ലാവരും എസി കൂടുതലായി ഉപയോഗിക്കാറുണ്ട്. ഇത് എന്‍ജിന്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നതിലേക്കും ഇന്ധനം കൂടുതല്‍ ഉപയോഗിക്കേണ്ടതിലേക്കുമെല്ലാം എത്തിക്കുകയും ചെയ്യും. പാര്‍ക്ക് ചെയ്യുമ്പോള്‍ തണലുള്ള സ്ഥലങ്ങള്‍ നോക്കി പാര്‍ക്കു ചെയ്യുന്നതും ചൂടുള്ള സ്ഥലത്തു പാര്‍ക്കു ചെയ്യേണ്ടി വന്നാല്‍ തന്നെ അല്‍പ നേരം ചില്ല് തുറന്നിട്ട് എസി പ്രവര്‍ത്തിപ്പിക്കുന്നതും അടക്കം കാര്യക്ഷമമായി എസി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നതും ഇതുവഴിയുള്ള ഇന്ധനചിലവു കുറക്കും.

ചൂടു കാറിന്റെ പുറത്തും അകത്തും മാത്രമല്ല ടയറുകളേയും നേരിട്ടു ബാധിക്കും. ചൂടു കൂടുന്നതിന് അനുസരിച്ച് ടയറിലെ വായു കൂടുതല്‍ വികസിക്കാനും ഇത് ഉയര്‍ന്ന ടയര്‍ പ്രഷറിലേക്കു നയിക്കാനും സാധ്യതയുണ്ട്. ഇത് ടയറിന്റെ കാര്യക്ഷമതയും ഇന്ധനക്ഷമതയും കുറക്കും. ടയര്‍ അമിതമായി തേഞ്ഞതോ അഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ളതോ ആണെങ്കില്‍ ടയര്‍ പൊട്ടാന്‍ പോലും സാധ്യതയുണ്ട്.

സാധാരണ എയറിനു പകരം നൈട്രജന്‍ ചൂടുകാലത്ത് ടയറില്‍ നിറക്കുന്നത് ഒരു പ്രശ്‌ന പരിഹാരമാണ്. ഉയര്‍ന്ന താപനിലയിലും പ്രഷര്‍ വര്‍ധിക്കാതെ തുടരാന്‍ നൈട്രജനു സാധിക്കും. ഇത് ടയറിനകത്തെ താപനില തണുപ്പിച്ചു നിര്‍ത്തും. ഇത് ഇന്ധനക്ഷമത മാത്രമല്ല ടയറിന്റെ ആയുസും വര്‍ധിപ്പിക്കും.

ചൂടുകാലത്തെ മറ്റൊരു പ്രശ്‌നം എന്‍ജിന്‍ അമിതമായി ചൂടാവുന്നതാണ്. സാധാരണ നിലയേക്കാളും എന്‍ജിന്‍ താപനില ചൂടുകാലത്തു വര്‍ധിക്കും. ഇത് എന്‍ജിന്റെ കാര്യക്ഷമത കുറക്കാനും അതുവഴി ഇന്ധനക്ഷമത കുറക്കാനും കാരണമാവാറുണ്ട്. ഇതോടെ സാധാരണയിലും കൂടുതല്‍ ഇന്ധനം വാഹനം ഉപയോഗിക്കേണ്ടി വരും.

ഉയര്‍ന്ന എസി ഉപയോഗവും ടയര്‍ പ്രഷര്‍ വര്‍ധിക്കുന്നതും എന്‍ജിന്‍ അമിതമായി ചൂടാവുന്നതുമാണ് വേനലിലെ കാറുകളുടെ ഇന്ധനക്ഷമതയെ പിന്നോട്ടടിക്കുന്ന പ്രധാന കാരണങ്ങള്‍. ഇവ തിരിച്ചറിഞ്ഞ് പ്രായോഗികമായ പരിഹാരങ്ങള്‍ തിരഞ്ഞെടുക്കുക മാത്രമാണ് ഇന്ധനക്ഷമത തിരിച്ചുപിടിക്കാനുള്ള മാര്‍ഗം. ഒപ്പം കൃത്യമായ ഇടവേളകളില്‍ വാഹനം സര്‍വീസ് നടത്തുകയും വേണം. നമ്മള്‍ അറിയാത്ത പ്രശ്‌നങ്ങള്‍ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നുണ്ടോ എന്ന് കണ്ടെത്താനും ഇത് സഹായിക്കും.