വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനുമായി പാങ്ങോട് പൊലീസ് ഉച്ചയ്ക്കു ശേഷം തെളിവെടുപ്പ് നടത്തും. പിതൃമാതാവ് സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ്. പാങ്ങോടുള്ള ഇവരുടെ വീട്ടിലും, കവർന്ന ശേഷം സ്വർണമാല പണയം വച്ച ധനകാര്യസ്ഥാപനത്തിലും എത്തിച്ചാകും തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കുക. ജനരോഷം കണക്കിലെടുത്തു സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയാകും തെളിവെടുപ്പ്.
രാവിലെ തെളിവെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അഫാൻ സ്റ്റേഷനിൽ കുഴഞ്ഞു വീണിരുന്നു. ഉടൻ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. തെളിവെടുപ്പ് തടസപ്പെടുത്തുന്നതിനുള്ള പ്രതിയുടെ കരുതിക്കൂട്ടിയുള്ള നീക്കമായാണ് പൊലീസ് ഇതിനെ കാണുന്നത്. അഫാൻ്റെ ആദ്യ കേസിലെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്നതോടെ മറ്റ് കേസുകളിൽ കസ്റ്റഡി അപേക്ഷ നൽകാനൊരുങ്ങുകയാണ് വെഞ്ഞാറമൂട് പൊലീസ്.