Recipe

ചക്ക അവിയൽ ഉണ്ടാക്കിയാലോ ?

ചക്ക കൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. ഇപ്പോൾ ചക്ക സീസൺ ഒക്കെ അല്ലെ, ചക്ക അവിയൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?

ആവശ്യ സാധനങ്ങള്‍:

വരിക്കച്ചക്കച്ചുള നീളത്തില്‍ അരിഞ്ഞത് – 1 കപ്പ്
ചക്കക്കുരു ഓരോന്നും നാലായി മുറിച്ചത് – 1 കപ്പ്
മുരിങ്ങക്കായ രണ്ടിഞ്ച് നീളത്തില്‍ മുറിച്ചത്- 1 കപ്പ്
പടവലങ്ങ നീളത്തില്‍ മുറിച്ചത് – 1 കപ്പ്
പച്ചമുളക് നീളത്തില്‍ കീറിയത്- 7 എണ്ണം
മാങ്ങാകഷണങ്ങള്‍- 1/2 കപ്പ്
ഉപ്പ് – പാകത്തിന്
തേങ്ങ ചിരകിയത്- 1 കപ്പ്
വെളുത്തുള്ളി – 4 അല്ലി
മുളകുപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
വെള്ളം – പാകത്തിന്
ജീരകം – 1 ടീസ്പൂണ്‍
ചുവന്നുള്ളി – 4 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
കറിവേപ്പില – 4 തണ്ട്

ഉണ്ടാക്കുന്ന വിധം:

ചക്കച്ചുള അരിഞ്ഞത് , ചക്കക്കുരു, മുരിങ്ങക്കാ, പടവലങ്ങ, പച്ചമുളക്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എല്ലാംകൂടി ഒരുമിച്ച് വേവിച്ചെടുക്കുക. ഇവ വെന്തുതുടങ്ങുമ്പോള്‍ തവികൊണ്ട് നന്നായി ഉടച്ചെടുക്കുക. ശേഷം ഇതിലേക്ക് മാങ്ങ ചേര്‍ത്ത് വേവിക്കുക. വെന്ത് വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. തേങ്ങ, ജീരകം , ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ തരുതരുപ്പായി അരയ്ക്കുക. ഇത് വേവിച്ച പച്ചക്കറികളുടെ മുകളില്‍ ചേർത്ത് ആവി കയറാന്‍ മൂടി വയ്ക്കുക. അരപ്പ് വെന്തുകഴിയുമ്പോള്‍ ഇളക്കി വാങ്ങിവച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കാം. രുചികരമായ ചക്ക അവിയൽ റെഡി.