ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടി. മറ്റ് ട്യൂഷൻ സെന്ററുകൾക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കും. സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. നിലവിൽ കേസിൽ 4 പ്രതികളാണ് ഉള്ളത്. ചോദ്യപേപ്പർ ചോർന്നതായി എംഎസ് സൊല്യൂഷൻസ് സിഇഒ സമ്മതിക്കുന്നുണ്ടെന്നും എന്നാൽ ഉത്തരവാദികൾ മറ്റു പ്രതികൾ ആണെന്നുമാണ് ഷുഹൈബ് മൊഴി നൽകിയതെന്നും ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടി വ്യക്തമാക്കി.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഷുഹൈബ് ഇന്നലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയിരുന്നു.കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന MS സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ്സ്, പ്ലസ് വൺ ചോദ്യപേപ്പറുകൾ ചേർന്നത്.
അതിനിടെ രണ്ട്, മൂന്ന് പ്രതികളായ ഫഹദ്, ജിഷ്ണു എന്നിവർക്ക് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം റിമാൻഡിലായ നാലാം പ്രതി സ്കൂൾ ജീവനക്കാരൻ അബ്ദുൽ നാസറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ് ബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്.