Kerala

വനിതാ ദിനാഘോഷവും വനിതാ രത്‌ന പുരസ്‌കാര വിതരണവും നാളെ: എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവകാശങ്ങള്‍,സമത്വം,ശാക്തീകരണം

അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നാളെ വൈകിട്ട്5ന്വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനാകും. മാര്‍ച്ച്8ന് രാവിലെ11ന് കാര്യപരിപാടികള്‍ ആരംഭിക്കും. വനിതാ എഴുത്തുകാരുടെ സംഗമം,സ്ത്രീ പ്രാതിനിധ്യം കുറവുള്ള മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളുടെ സംഗമം,കോളേജ് വിദ്യാര്‍ത്ഥികളുടെ സംവാദം,കളരിപ്പയറ്റ് എന്നിവ നടക്കും.

ചടങ്ങിനോടനുബന്ധിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്ക് വനിതാ രത്ന പുരസ്‌കാരം സമ്മാനിക്കും. ഐ.സി.ഡി.എസ് പദ്ധതി പ്രവര്‍ത്തനത്തില്‍ മികവു പുലര്‍ത്തിയവര്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിക്കും. മൃഗസംരക്ഷണ,ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി,ശശി തരൂര്‍ എം.പി.,വി.കെ പ്രശാന്ത് എം.എല്‍.എ,മേയര്‍ ആര്യ രാജേന്ദ്രന്‍,വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി,വിനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആഗോളതലത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായും സമൂഹത്തില്‍ തുല്യത,നീതി എന്നിവ ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസം,ആരോഗ്യ സംരക്ഷണം,ശാസ്ത്ര സാങ്കേതിക ബിസിനസ് മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍

കൈവരിച്ചവരെ അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി എല്ലാ വര്‍ഷവും മാര്‍ച്ച്8അന്താരാഷ്ട്ര വനിതാ ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്നു. സുസ്ഥിര മാറ്റത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശക്തികളാകാന്‍ യുവതികളേയും പെണ്‍കുട്ടികളേയും ബോധവത്കരിക്കുക,എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്‌കാരം സ്യഷ്ടിക്കുക എന്നതുമാണ് വനിതാദിനത്തിന്റെ ലക്ഷ്യങ്ങള്‍. ഇതിനായി എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവകാശങ്ങള്‍,സമത്വം,ശാക്തീകരണം (For All Women and Girls: Rights, Equality and Empowerment)എന്നതാണ് ഐക്യരാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സന്ദേശം.

CONTENT HIGH LIGHTS; Women’s Day celebration and Women’s Ratna Award distribution tomorrow: Rights, equality, and empowerment for all women and girls