Automobile

ഇരുചക്രവാഹന വിപണിയിൽ ചരിത്ര നേട്ടവുമായി ഹോണ്ട | Honda

ഫെബ്രുവരിയിൽ 422449 യൂണിറ്റ് വാഹനങ്ങളാണ് ഹോണ്ട നിരത്തിലെത്തിച്ചത്

2025 ഫെബ്രുവരിയിലെ ഇരുചക്ര വാഹനങ്ങളുടെ വിൽപന കണക്കുകൾ പുറത്തുവരുമ്പോൾ പ്രമുഖ വാഹന നിർമാതാക്കൾക്കു കാര്യങ്ങൾ അത്ര ശുഭകരമല്ല. ആദ്യസ്ഥാനങ്ങൾക്കായി ശക്തമായ പോരാട്ടം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഹോണ്ട പുറത്തു വിട്ട കണക്കുകൾ നൽകുന്ന സൂചനകൾ.

ഫെബ്രുവരിയിലെ വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ ഹീറോ മോട്ടോകോർപ്പിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹോണ്ട മോട്ടോർ സൈക്കിൾസ് ആൻഡ് സ്കൂട്ടർ ഇന്ത്യ. ഫെബ്രുവരിയിൽ 422449 യൂണിറ്റ് വാഹനങ്ങളാണ് ഹോണ്ട നിരത്തിലെത്തിച്ചത്. എന്നാൽ 2024 ഫെബ്രുവരിയിൽ 458771 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞിരുന്നു. 7.91 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹോണ്ടയ്ക്ക് സംഭവിച്ചിരിക്കുന്നത്.

ആഭ്യന്തര വിപണിയിൽ മാത്രമല്ല കയറ്റുമതിയിലും ഹോണ്ടയ്ക്ക് 2024 ഫെബ്രുവരിയെ അപേക്ഷിച്ച് ഇടിവാണ്. ഇന്ത്യയിലെ മാത്രം വിൽപന കണക്കുകൾ പരിശോധിച്ചാൽ 7.26 ശതമാനത്തിന്റെ കുറവുണ്ട്. കയറ്റുമതിയിൽ 13.89 ശതമാനമാണ് കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ ഇടിവാണെങ്കിലും ഹീറോയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞു എന്നതാണ് ഹോണ്ടയ്ക്ക് ആശ്വാസം പകരുന്ന നേട്ടം. ആഭ്യന്തര വിപണിയിൽ 383918 യൂണിറ്റുകളും കയറ്റുമതിയിൽ 38531 യൂണിറ്റുകളുമാണ് ഹോണ്ട വിറ്റഴിച്ചത്. ഫെബ്രുവരിയിലെ വിൽപനയിൽ ഹീറോയ്ക്ക് 20 ശതമാനത്തിന്റെ കുറവുണ്ട്.

2025 ജനുവരിയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോഴും ഫെബ്രുവരിയിലെ വിൽപനയിൽ ഹോണ്ടയ്ക്ക് 4.73 ശതമാനത്തിന്റെ ഇടിവുണ്ട്. ജനുവരിയിൽ ആഭ്യന്തര വിപണിയിൽ 402977 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണ് കഴിഞ്ഞ മാസം 38531 യൂണിറ്റുകൾ വിറ്റിരിക്കുന്നത്. ജനുവരിയിൽ 41870 യൂണിറ്റുകൾ കയറ്റുമതി ചെയ്തപ്പോൾ ഫെബ്രുവരിയിൽ 38531 യൂണിറ്റുകളായി കുറഞ്ഞു. 7.97 ശതമാനമാണ് ഇടിവ്.

content highlight: Honda