ഡൽഹിയിലെ തുഗ്ലക് ലെയിനിന്റെ പേര് സ്വയം മാറ്റി ബിജെപി നേതാക്കൾ. ബിജെപി രാജ്യസഭാ എംപി ദിനേശ് ശർമ്മയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറുമാണ് തുഗ്ലക് ലെയിനിന്റെ പേര് സ്വാമി വിവേകാനന്ദ മാർഗ് എന്ന് മാറ്റിയത്.
പേര് മാറ്റം സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകൾ ഇറക്കും മുൻപാണ് നേതാക്കളുടെ നടപടി. ഡൽഹിയിലെ റോഡുകൾക്ക് നൽകിയിരിക്കുന്ന മുസ്ലീം ഭരണാധികാരികളുടെ പേരുകൾ മാറ്റണമെന്ന് ബിജെപി നേതാക്കൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
പിന്നാലെയാണ് ഔദ്യോഗിക തീരുമാനത്തിന് കാത്തു നിൽക്കാതെ ബിജെപി നേതാക്കൾ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന തുഗ്ലക് ലെയിനിന്റെ പേര് സ്വന്തം നിലക്ക് മാറ്റിയത്. പുതിയ ഔദ്യോഗിക വസതിയുടെ ഗൃഹപ്രവേശ ചടങ്ങ് നടത്തിയ രാജ്യസഭ എം പി യും മുൻ യു പി ഉപമുഖ്യ മന്ത്രിയുമായ ദിനേശ് ശർമ്മ, പ്രവേശന കവാടത്തിൽ സ്ഥാപിച്ച ബോർഡിൽ ആണ്, പെരുമാറ്റം നടപ്പാക്കിയത്.
തുഗ്ലക് ലെയിനിന്, സ്വാമി വിവേകാനന്ദ മാർഗ് എന്നാണ് നൽകിയിരിക്കുന്ന പുതിയ പേര്. തൊട്ടടുത്ത് താമസിക്കുന്ന കേന്ദ്ര സഹകരണ സഹമന്ത്രി കിഷൻ പാൽ ഗുജറും സമാനമായി റോഡിന്റെ പേര് മാറ്റി പുതിയ ബോർഡ് സ്ഥാപിച്ചു. എന്നാൽ ഇരുവരും തുഗ്ളക് ലെയിൻ എന്ന പേര് ബോർഡിൽ ബ്രാക്കറ്റിൽ ചേർത്തിട്ടുണ്ട്.