സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് പിന്നില്‍ സര്‍ക്കാരിന് കച്ചവട ലക്ഷ്യമുണ്ടെന്ന ആരോപണവുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി രംഗത്ത്. നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച സ്വകാര്യ സര്‍വ്വകലാശാല ബില്ലില്‍ സര്‍വകലാശാലയ്ക്ക് ഏകീകൃത സ്വഭാവമുണ്ടായിക്കുമെന്നും കോളേജുകളെയോ സ്ഥാപനത്തെയോ അഫിലിയേറ്റ് ചെയ്യാന്‍ പാടില്ലെന്നും സംസ്ഥാനത്ത് ഒരു മള്‍ട്ടി ക്യാമ്പസായി പ്രവര്‍ത്തിക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്.
എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയോടുകൂടി കൂടുതല്‍ ക്യാമ്പസുകള്‍ ആരംഭിക്കാമെന്ന പുതിയൊരു വ്യവസ്ഥ കൂടി ഔദ്യോഗിക ഭേദഗതിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കുകയും സബ്ജക്ട് കമ്മിറ്റി അത് പാസാക്കുകയും ചെയ്തു(ബില്ല് ഖണ്ഡം 3(3). മെഡിക്കല്‍ കോളേജുകളും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളുമുള്ള കോര്‍പ്പറേറ്റ് മാനേജ്‌മെന്റ്കള്‍ക്ക് അവരുടെ സ്ഥാപനങ്ങളെ സ്വകാര്യ സര്‍വകലാശാലയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിനുള്ള നിയമഭേദഗതിക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതോടെ നിലവില്‍ പൊതു സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുമതിയോടെ സ്വകാര്യ സര്‍വകലാശാലയുടെ ഭാഗമാക്കാനാവും. ഇത് പൊതു സര്‍വ്വകലാശാലകളെ ദോഷകരമായി ബാധിക്കും. അനന്ത സാധ്യതയുള്ള കച്ചവട ലക്ഷ്യത്തോടെയാണ് സ്വകാര്യ സര്‍വ്വകലാശാല ബില്‍ സര്‍ക്കാര്‍ തിരക്കിട്ട് നിയമസഭയില്‍ അവതരിപ്പിച്ചതെന്നും, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ഒന്നില്‍ കൂടുതല്‍ ക്യാമ്പസുകള്‍ അനുവദിക്കാനുള്ള പുതിയ നിയമഭേദഗതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി.
CONTENT HIGH LIGHTS; Amendment to the law to allow more campuses for private universities: Will harm public universities; A commercial target with endless potential