Kerala

ശ്രീറാം വെങ്കിട്ടറാമിന്റെ പ്രൊമോഷന്‍: മുസ്ലിം ജമാഅത്ത് പരാതി നല്‍കി; 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെ മദ്യപിച്ച് വാഹനമിടാച്ചാണ് കെ.എം ബഷീറിനെ കൊലപ്പെടുത്തിയത്

സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കു പരാതി നല്‍കി. കെ.എം. ബഷീര്‍ നിയമ സഹായ സമിതി കണ്‍വീനറും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാല്‍ കരുളായിയാണ് പരാതി നല്‍കിയത്. നരഹത്യ, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ വിവിധ വകുപ്പുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട് തിരുവനന്തപുരം സെഷന്‍സ്

കോടതിയില്‍ വിചാരണ നേരിടുന്ന കേരള കേഡര്‍ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് അഖിലേന്ത്യ ജീവനക്കാര്‍ക്ക് ബാധകമായ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രൊമോഷന്‍ നല്‍കിയതിനെതിരെയാണ് പരാതി. അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങള്‍ ബാധകമായ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ നല്‍കേണ്ട സാഹചര്യം ഉണ്ടാകുകയും എന്നാല്‍ അവര്‍ ഇത്തരം ഗുരുതരമായ ക്രമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയുന്നപക്ഷം,

അവരെ പ്രൊമോഷന് വേണ്ടിയുള്ള അഭിമുഖത്തില്‍ പങ്കെടിപ്പിക്കാവുന്നതാണെങ്കിലും പ്രൊമോഷന്‍ നല്‍കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. പകരം, അവരുടെ പെര്‍ഫോമന്‍സ് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു സീല്‍ഡ് കവറില്‍ സൂക്ഷിച്ച് കേസില്‍ നിന്ന് അവര്‍ കുറ്റ വിമുക്തരായ ശേഷം മാത്രം അത് പരിഗണിച്ചു പ്രൊമോഷന് യോഗ്യത നേടിയിട്ടുണ്ടെങ്കില്‍ പ്രൊമോഷന്‍ നല്‍കുകയുമാണ് ചെയ്യേണ്ടതെന്നിരിക്കെ, ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്നും ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ പ്രൊമോഷന്‍ പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ച് അതിവേഗത്തില്‍ ഓടിച്ച വാഹനം ഇടിച്ച് കെ.എം ബഷീറിനെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചു നരഹത്യ (IPC304) തെളിവ് നശിപ്പിക്കല്‍ (IPC201) മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകളും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കേസ് പരിഗണിച്ച തിരുവനന്തപുരം സെഷന്‍ കോടതി മനഃപൂര്‍വമായ നരഹത്യ കുറ്റത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കിയിരുന്നെങ്കിലും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതില്‍ അപ്പീല്‍ സമര്‍പ്പിക്കുകയും മനഃപൂര്‍വമായ നരഹത്യ നിലനില്‍ക്കുമെന്നും സെഷന്‍സ് കോടതിയില്‍ തന്നെ വിചാരണ നേരിടണമെന്നും വിധിക്കുക ഉണ്ടായി. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളപ്പെട്ടു. ഇതനുസരിച്ച്

തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജ് 2024 ഡിസംബര്‍ 2 മുതല്‍ വിചാരണ ആരംഭിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു എങ്കിലും ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകന് കോടതി സമുച്ചയത്തിന്റെ ഒന്നാം നിലയിലുള്ള കോടതിയില്‍ പടി കയറി വരാന്‍ പ്രയാസമുണ്ടെന്ന് ഹര്‍ജി നല്‍കുകയും അത് അനുവദിച്ച് കേസ് നിലവില്‍ തിരുവനന്തപുരം നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതിയിലേക്ക് മാറ്റപ്പെടുകയും ഉണ്ടായി.

വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. അതോടൊപ്പം തന്നെ സംഭവം നടന്നു മൂന്നാം ദിവസം ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശ്രീ സഞ്ജയ് ഗര്‍ഗ് എന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചിരുന്നു .എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം തീരെ പരിഗണിക്കാതെ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം അന്നത്തെ ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുകയുണ്ടായി. ഇതിനെതിരെയും പരാതിപ്പെട്ടിട്ടുണ്ട്.

CONTENT HIGH LIGHTS; Sriram Venkitaram’s promotion: Muslim Jamaat files complaint; KM Basheer was killed by a drunk driver on the morning of August 3, 2019