Thiruvananthapuram

ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ ഉപകരണത്തിന്റെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ ഉപകരണത്തിന്റെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. എക്‌സ്‌റേ ഉപകരണം കേടായതു കാരണം രോഗികള്‍ ബുദ്ധിമുട്ടിലായ സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. എക്‌സ്‌റേ ഉപകരണവും യു.പി.എസും കേടായതിന്റെ കാരണം കണ്ടെത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ടിന്റെയും തകരാര്‍ പരിഹരിക്കാന്‍ കഴിയുന്നതാണോ എന്നും ഇല്ലെങ്കില്‍ പുതിയത് സ്ഥാപിക്കണമോയെന്നും പരിശോധിക്കണം. എക്‌സ്‌റേ എടുക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുന്നുണ്ടെന്ന ആക്ഷേപവും പരിശോധിക്കണം. ഇത്തരത്തില്‍ ആര്‍ക്കെങ്കിലും മുന്‍ഗണന നല്‍കുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിച്ച് നിയമപ്രകാരമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ജനറല്‍ ആശുപത്രി സൂപ്രണ്ടിനുമാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശം നല്‍കിയത്. ഇരുവരും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആരോഗ്യ വകുപ്പു ഡയറക്ടറുടെയും ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെയും പ്രതിനിധികളായി സീനിയര്‍ ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 3 ന് രാവിലെ 10.00 ന് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

 

Latest News