കേരളത്തിൽ പ്രശസ്തമായ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. അതിരപ്പള്ളിയും കേരളക്കുണ്ടും വാഴച്ചാലുമെല്ലാം സഞ്ചാരികളുടെ പ്രിയപ്പെട്ട വെള്ളച്ചാട്ടങ്ങളാണ്. അത്തരത്തിൽ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വെള്ളച്ചാട്ടമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള തൊമ്മൻകുത്ത് വെള്ളച്ചാട്ടം. സോഷ്യൽ മീഡിയയിലൂടെയും മറ്റും അറിഞ്ഞും കേട്ടും നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്. എന്നാൽ, തൊമ്മൻകുത്ത് എന്നാൽ കേവലം ഒരു വെള്ളച്ചാട്ടം മാത്രമല്ല എന്ന കാര്യം പലർക്കും അറിയില്ല. കാടിനുള്ളിൽ നുരഞ്ഞുപതഞ്ഞൊഴുകുന്ന ഏഴ് വെള്ളച്ചാട്ടങ്ങളാണ് തൊമ്മൻകുത്തിൻ്റെ സവിശേഷത. കുത്ത് എന്നാല്‍ വെള്ളച്ചാട്ടം എന്നാണ് അര്‍ത്ഥമാക്കുന്നത്.
വെള്ളച്ചാട്ടങ്ങൾ തേടിയുള്ള ട്രെക്കിംഗാണ് തൊമ്മൻകുത്തിനെ ആകർഷണീയമാക്കുന്നത്. എഴുനിലക്കുത്ത്, നാക്കയം കുത്ത്, മുത്തിമുക്ക് കുത്ത്, കുടച്ചിയാല്‍ കുത്ത്, ചെകുത്താന്‍കുത്ത്, തേന്‍കുഴിക്കുത്ത്, കൂവമലക്കുത്ത് എന്നിങ്ങനെ ഏഴ് വെള്ളച്ചാട്ടങ്ങള്‍ ചേരുന്നതാണ് തൊമ്മൻകുത്ത്. ഇതിൽ തൊമ്മൻകുത്തിലെത്തി ടിക്കറ്റ് എടുത്താൽ രണ്ട് വെള്ളച്ചാട്ടങ്ങൾ മാത്രമേ കാണാൻ സാധിക്കൂ. ബാക്കിയുള്ളവ കാണണമെങ്കിൽ പ്രത്യേക ട്രെക്കിംഗ് പാക്കേജ് എടുക്കണം.അത്തരത്തിൽ വനം വകുപ്പിന്റെ അനുമതിയോടെ നടക്കുന്ന നാക്കയം ട്രെക്കിംഗ് നടത്തിയാൽ ചെകുത്താൻകുത്ത് ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളും ഗുഹകളും ചിലപ്പോൾ വന്യമൃഗങ്ങളെ പോലും കാണാൻ സാധിക്കും. പാറക്കെട്ടുകൾ നിറഞ്ഞ ഇടതൂർന്ന വനങ്ങളിലൂടെയുള്ള 5 കിലോ മീറ്ററാണ് നാക്കയം ട്രെക്കിംഗ്.
നാക്കയം ട്രെക്കിംഗിൽ നാക്കയം, ചെകുത്താൻകുത്ത് എന്നീ രണ്ട് വലിയ വെള്ളച്ചാട്ടങ്ങൾ ആരുടെയും മനം മയക്കും. നാക്കയം ഗുഹ, ചെകുത്തൻ കുത്ത് ഗുഹ, പ്ലാപോത്ത് ഗുഹ എന്നിവയും രസകരമായ കാഴ്ചകളാണ് സമ്മാനിക്കുക. ഒരു ഗ്രൂപ്പിൽ പരമാവധി 9 പേരെയാണ് ട്രെക്ക് ചെയ്യാൻ അനുവദിക്കുക. ഒരു ദിവസത്തെ ട്രെക്കിംഗിന് മുൻകൂട്ടി ബുക്ക് ചെയ്യുകയും വേണം. നേരത്തെ എത്തിയാൽ നിങ്ങൾക്ക് വനത്തിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. രാവിലെ 8 മണി മുതൽ വൈകുന്നേരം 4.30 വരെയാണ് ട്രെക്കിംഗ് സമയം.
STORY HIGHLIGHTS: a-trek-to-nakkayam-to-found-chekuthankuthu-waterfalls-near-thommankuthu