Kerala

വിവാഹ സത്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കികൂടെ? പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി – plastic ban weddings

ട്രാക്കുകളിലെ മാലിന്യം പൂര്‍ണ്ണമായും നീക്കണമെന്നും റെയില്‍വേക്ക് കോടതി നിർദ്ദേശം നൽകി

വിവാഹ സത്കാര ചടങ്ങുകളില്‍നിന്നു പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കിക്കൂടേയെന്നുള്ള ചോദ്യവുമായി ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.

സംസ്ഥാനത്തെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് നിര്‍ദ്ദേശം. നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് ആവശ്യമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം, മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലാണെന്നും സത്കാര ചടങ്ങുകളില്‍ അരലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്നും തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഹൈക്കോടതിയിൽ വിശദീകരണം നൽകി.

അതിനിടെ മാലിന്യ നിക്ഷേപത്തിന്റെ പേരിൽ റെയിൽവേയെ കോടതി വിമർശിച്ചു. പൊതുസമൂഹത്തോടും നിയമ സംവിധാനത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റണം. ട്രാക്കുകള്‍ മാലിന്യ മുക്തമായി സൂക്ഷിക്കാന്‍ റെയില്‍വേക്കും ബാധ്യതയുണ്ട്. ട്രാക്കുകളിലെ മാലിന്യം പൂര്‍ണ്ണമായും നീക്കണമെന്നും റെയില്‍വേക്ക് കോടതി നിർദ്ദേശം നൽകി.

STORY HIGHLIGHT: plastic ban weddings