കാടും മലയും വന്യജീവികളും ഒക്കെ നിറഞ്ഞ പ്രകൃതിരമണീയമായ ഒട്ടേറെയിടങ്ങൾ ഇടുക്കിയിലുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും സമാധാനം ഇഷ്ടപ്പെടുന്നവർക്കും യാത്ര ചെയ്യാൻ നല്ലൊരിടമാണ് ഇവിടം. ഈ വീക്കെൻഡ് ഇടുക്കിയിലേക്ക് ഒരു സാഹസിക ട്രിപ്പ് ആയാലോ? പ്രകൃതിഭംഗി തുളുമ്പി നിൽക്കുന്ന ഒരു ചെറിയ സാഹസികയാത്രയ്ക്ക് താൽപര്യമുണ്ടെങ്കിൽ ആമപ്പാറയിലേക്ക് വിട്ടോളൂ. ഇടുക്കിയിലെ തന്നെ പ്രശസ്തമായ രാമക്കൽമേടിനോട് ചേർന്ന് കിടക്കുന്ന മനോഹരമായ പ്രദേശമാണ് ആമപ്പാറ. പാറയുടെ ഘടന ഒരു ആമയോട് സാമ്യമുള്ളതിനാലാണ് അതിന് ആമപ്പാറ എന്ന പേര് ലഭിച്ചത്. അതുകൊണ്ടുതന്നെ കൂറ്റൻ ആമയുടെ ഒരു പ്രതിമയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാറകൾക്കിടയിലൂടെ സാഹസികമായി സഞ്ചാരികൾക്ക് മറുപുറം കടക്കാം. രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികൾ ഗ്രാമീണ പാതയിലൂടെ ജീപ്പിലാണ് ആമപ്പാറയിലെത്തുക. ഇവിടേക്ക് ട്രക്കിംഗ് നടത്തുന്നവരുമുണ്ട്. ശക്തമായ കാറ്റ് വീശിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് ആമപ്പാറ. ആമപ്പാറയുടെ അരികിലേക്ക് എത്തിയാൽ അതിന്റെ ഉള്ളിലേക്ക് കയറാൻ സാധിക്കുന്ന രണ്ട് ചെറിയ ഗുഹ പോലുള്ള ഭാഗം കാണാം. ഒരു ഗുഹയ്ക്കുള്ളിലേക്ക് ഒരാൾക്ക് കഷ്ടിച്ച് കടക്കാവുന്ന നേരിയ വഴിയിലൂടെ സാഹസികമായി കയറിയാൽ മറ്റൊരു വശത്തേക്ക് ഇറങ്ങാൻ സാധിക്കും. നടന്നും നിരങ്ങിയും കിടന്നും ഇരുന്നും ഒക്കെ വേണം ഇതിലൂടെ കടന്നുപോകാൻ. അപ്പുറത്ത് വശത്ത് എത്തിയാൽ ആദ്യം വന്ന ഗുഹയ്ക്ക് സമാന്തരമായിട്ടുള്ള ഗുഹയിലൂടെ തിരിച്ചിറങ്ങുകയാണ് അടുത്തത്. ഇത് ആദ്യത്തേക്കാളും വളരെ ബുദ്ധിമുട്ടും സാഹസികത നിറഞ്ഞതുമാണ്.
ഈ ഗുഹയിലൂടെ നടന്ന് നീങ്ങാൻ സാധിക്കില്ല, പുറത്തേക്ക് എത്തണമെങകിൽ ഇരുന്നും നിരങ്ങിയുമൊക്കെ നീങ്ങണം. ഈ വഴിയിലൂടെ തിരിച്ചിറങ്ങാൻ സാധിക്കാത്തവർക്ക് വന്ന വഴിയിലൂടെ തന്നെ തിരിച്ചിറങ്ങാനാകും. ഇത്രയും കഷ്ടപ്പെട്ട് പാറയിടുക്കിലൂടെ സഞ്ചരിച്ച് മറുവശത്തെത്തിയാൽ നിങ്ങളെ കാത്തിരിക്കുന്നത് നയനമനോഹരമായ പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകളാണ്. പാറപ്പുറത്തെ കാഴ്ചകളും വളരെ മനോഹരമാണ്. നിരവധി പാറക്കൂട്ടങ്ങളുള്ള പ്രദേശത്തിന്റെ ഒരു വലിയ ദൃശ്യം തന്നെ നിങ്ങൾക്ക് അവിടെ ആസ്വാദിക്കാൻ കഴിയും. ആമപ്പാറയിലേക്ക് എത്താൻ നെടുങ്കണ്ടത്ത് നിന്ന് രാമക്കൽമേടിലേക്കുള്ള റോഡിലെ തൂക്കുപാലത്തുനിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജംഗ്ഷനിൽ എത്തും. അവിടെ നിന്നും ജീപ്പിൽ ആമപ്പാറയിലെത്താം. അനുമതി വാങ്ങി തോവാളപ്പടിയിൽ നിന്ന് ഇവിടേക്ക് ട്രക്കിംഗും നടത്താം.
STORY HIGHLIGHTS: idukki-tourist-spot-amappara-tourism-and-jeep-trekking