തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ 27–ാം ദിവസത്തിലേക്കു കടക്കുന്ന സമരം ആശാ വർക്കർമാർ ഇന്നു ശക്തമാക്കും. വനിതാദിനമായ ഇന്ന് സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട വനിതകൾ സമരത്തിന് പിന്തുണ അറിയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തും. സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ ആശാ വർക്കർമാർ സ്വാഗതം ചെയ്തിട്ടുണ്ട്. സമരത്തിന്‍റെ ഇരുപത്തിയേഴാം ദിവസമാണ് ഇന്ന്.
മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളിൽ നിന്നടക്കമുള്ള പ്രതിനിധികൾ ഇന്ന് സമരവേദിയിൽ എത്തും. സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും. അതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ ഇപ്പോഴും ഇതുവരെയും അനുനയ ചർച്ചകൾക്കുള്ള സാധ്യതകളും തുറന്നിട്ടില്ല.