ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷാ വലയം ഭേദിച്ചു ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നു കേന്ദ്രസർക്കാർ യുകെ സർക്കാരിനോടു വീണ്ടും ആവശ്യപ്പെട്ടു. ഇത്തരം ശക്തികളുടെ ഭീഷണിയോടു പുലർത്തുന്ന നിസ്സംഗതയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ലണ്ടനിലെ ചാത്തം ഹൗസിലെ ചർച്ചയിൽ പങ്കെടുത്ത ശേഷം പുറത്തെത്തി കാറിലേക്കു പ്രവേശിക്കുമ്പോഴാണു ഖലിസ്ഥാൻ അനുകൂലികൾ ജയശങ്കറിന്റെ കാറിനു മുന്നിലെത്തി മുദ്രാവാക്യങ്ങൾ മുഴക്കുകയും ത്രിവർണ പതാക വലിച്ചു കീറുകയും ചെയ്തത്. സംഭവത്തിൽ ബ്രിട്ടിഷ് അധികാരികളുടെ ആത്മാർഥത അക്രമികൾക്കെതിരെ അവർ സ്വീകരിക്കുന്ന നടപടിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.