Thiruvananthapuram

സ്വന്തം വീടുകള്‍ക്കുള്ളിലെ അതിക്രമങ്ങള്‍ തടയുക പുതിയ വെല്ലുവിളി: ADGP മനോജ് എബ്രഹാം

വീടുകള്‍ക്ക് പുറത്ത് നടക്കുന്ന അതിക്രമങ്ങളെക്കാള്‍ എത്രയോ മടങ്ങാണ് ഇന്ന് സ്വന്തം വീടുകള്‍ക്കുള്ളില്‍ നടക്കുന്ന അതിക്രമങ്ങളെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ടുമാസങ്ങളില്‍ കേരളത്തില്‍ നടന്ന 65 കൊലപാതകങ്ങളില്‍ 70 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ അതില്‍ അമ്പതും പൊലിഞ്ഞു വീണത് വീടുകള്‍ക്കുള്ളില്‍ ആണെന്നത് അതീവ ഗൗരവാര്‍ഹമായ കാര്യമാണ്. ഇതിന്‍മേല്‍ ശരിയായ സുരക്ഷാ നടപടികളും ബോധവല്‍ക്കരണവും സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹംപറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കൊപ്പം വീടുകളില്‍ നടക്കുന്ന അതിക്രമങ്ങളും എങ്ങനെ തടയാം എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയില്‍

ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍ ഉള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സംവാദത്തില്‍ ഏറെയും ലഹരിയെകുറിച്ചും കുട്ടികളിലെ കുറ്റവാസനകളെ കുറിച്ചുമായിരുന്നു ചര്‍ച്ച നടന്നത്. കുറ്റവാസന തടയുന്നതിനായി ഒട്ടനവധി പ്രതിവിധികളാണ് സംസാരിച്ചവര്‍ നിര്‍ദ്ദേശിച്ചത്. പൊതുസമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ശക്തമായ നടപടി സ്വീകരിക്കുന്നതിനും പോലീസിന് സാധിക്കുമെങ്കിലും വീടുകള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പരിമിതിയുണ്ട്.

ഗൃഹനാഥന്‍മാരാണ് അത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രധാന പങ്കുവഹിക്കേണ്ടത്. പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. വി. സുനില്‍രാജ് വിഷയാവതരണം നടത്തി. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡണ്ട് കെ.എല്‍ നിഷാന്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്‍ ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ്എഡിറ്റര്‍ നൃപന്‍ ചക്രവര്‍ത്തി, കെ.പി.ഒ.എ സംസ്ഥാന പ്രസിഡണ്ട് ആര്‍. പ്രശാന്ത്,

നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി എസ്.ഷാജി, കെ.പി.ഒ.എ തിരുവനന്തപുരം സിറ്റി സെക്രട്ടറി എസ്.എസ് ജയകുമാര്‍, കെ.പി.എ റൂറല്‍ ജില്ലാ പ്രസിഡണ്ട് ജി.എസ് കൃഷ്ണലാല്‍ എന്നിവര്‍ സംസാരിച്ചു. സംവാദ പരിപാടിക്ക് കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ആര്‍.കെ ജ്യോതിഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ബി.ഹരിലാല്‍ നന്ദിയും രേഖപ്പെടുത്തി. ലഹരിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും പോലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃകാപരമായ ബോധവത്കരണ ക്ലാസിനെ കുറിച്ച് പ്രശംസിച്ചാണ് പങ്കെടുത്തവര്‍ മടങ്ങിയത്.

CONTENT HIGH LIGHTS; Preventing violence within one’s own home is a new challenge: ADGP Manoj Abraham

Latest News