മലയാളത്തില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നാണ് ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം. എഐ ടെക്നോളജി ഉപയോഗിച്ച് ചെറുപ്പകാലത്തെ മമ്മൂട്ടിയെ സ്ക്രീനില്‍ എത്തിച്ചതുള്‍പ്പെടെ പല കൗതുകങ്ങളുമുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സ്ട്രീമിംഗിലും പ്രേക്ഷകരുടെ പ്രശംസ നേടുന്നുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ കൗതുകകരമായ ഒരു കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ. ചിത്രത്തിലെ എഐ മമ്മൂട്ടിക്ക് പിന്നിലെ യഥാര്‍ഥ നടനെ പരിചയപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒപ്പം അത് യാഥാര്‍ഥ്യമാക്കിയ മറ്റുള്ളവരെയും പരിചയപ്പെടുത്തുന്നുണ്ട് സംവിധായകന്‍.
ട്വിങ്കിള്‍ സൂര്യയാണ് മമ്മൂട്ടിയെ സ്ക്രീനില്‍ എത്തിക്കാനായി അഭിനയിച്ചിരിക്കുന്നത്. എണ്‍പതുകളിലെ മമ്മൂട്ടിയുടെ ശരീരഭാഷയും ചലനങ്ങളുമൊക്കെ ഏറെ വിശ്വസമീയമാണ് ട്വിങ്കിള്‍ അവതരിപ്പിച്ചത്. ഇതിന് അദ്ദേഹത്തെ സഹായിച്ച ഒരാള്‍ ആര്‍ട്ടിസ്റ്റ് ട്രെയ്‍നര്‍ ആയ അരുണ്‍ ആണ്. റെട്രോ സിനിമകളിലെ ബോഡി ലാംഗ്വേജിലും മറ്റ് കാര്യങ്ങളിലുമൊക്കെ സ്പെഷലൈസ് ചെയ്തിരിക്കുന്ന ആളാണ് അരുണ്‍. അവസാനമായി എഐ ഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ആന്‍ഡ്രുവും ദി മൈന്‍ഡ്‍സ്റ്റീന്‍ ടീമും ചേര്‍ന്നാണ്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുണ്ട് ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സംവിധായകന്‍. ട്വിങ്കിള്‍ സൂര്യയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ അനശ്വര രാജനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ ചിത്രീകരണഘട്ടത്തിന് രേഖാചിത്രത്തിന്‍റെ കഥാഗതിയില്‍ ഏറെ പ്രാധാന്യമുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്ലോട്ട് ആണ് രേഖാചിത്രത്തിന്‍റേത്. ജോണ്‍ മന്ത്രിക്കലും രാമു സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയന്‍, സറിന്‍ ഷിഹാബ്, സിദ്ദിഖ്, ഭാമ അരുണ്‍, മേഘ തോമസ്, ജഗദീഷ്, നിഷാന്ത് സാഗര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, പ്രിയങ്ക, നന്ദു, ഉണ്ണി ലാലു, ഷഹീന്‍ സിദ്ദിഖ്, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം കൂടിയാണ് ഇത്.
content highlight: AI Mammootty