വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ചുറ്റിക വാങ്ങിയ വെഞ്ഞാറമൂടിലെ കടയില്‍ പ്രതിയെ എത്തിച്ചു. കടയുടമ അഫാനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഫാൻ കൊലപ്പെടുത്തിയ പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി.
തുടർന്ന് ചുറ്റിക ഒളിപ്പിക്കാന്‍ ബാഗ് വാങ്ങിയ കടയിലെത്തിച്ചു. സ്ഥലത്ത് വൻ ആള്‍ക്കൂട്ടമുണ്ടായിരുന്നു. വന്‍ പൊലീസ് സുരക്ഷയില്‍ ആണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. തുടർന്ന്, അന്വേഷണസംഘം പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി.
സൽമാബീവിയെ കൊലപ്പെടുത്തിയതിന് ശേഷം സ്വർണ്ണാഭരണങ്ങൾ പണയംവെച്ച് അഫാൻ ഒരു തുക കൈപ്പറ്റിയിരുന്നു. അതിന് ശേഷമായിരുന്നു പിതൃസഹോദരനെയും ഭാര്യയെയും അനുജനെയും പെൺസുഹൃത്തിനെയും പ്രതി കൊന്നുകളഞ്ഞത്.
ഇന്നലെ പിതൃമാതാവ് സൽമാബീവിയുടെ താഴെ പാങ്ങോടുള്ള വീട്ടിൽ അന്വേഷണ സംഘം അഫാനുമായി തെളിവെടുപ്പ് നടത്തിയിരുന്നു. തടിച്ചുകൂടിയ ജനങ്ങൾക്കിടയിലൂടെ യാതൊരു ഭാവ ഭേദവുമില്ലാതെയായിരുന്നു അഫാൻ കടന്നുപോയത്. കനത്തസുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടന്നത്.
മൂന്ന് കേസിലാണ് അഫാൻറെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പിതൃമാതാവ് സൽമാബിവി, സുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫെബ്രുവരി 14നാണ് വെഞ്ഞാറമൂട്ടിൽ സഹോദരനടക്കം അഞ്ചുപേരെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം അഫാൻ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. അഫാൻ മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്.