Business

ഇന്ന് 400 രൂപയുടെ വർദ്ധനവ്; വീണ്ടും സ്വർണവില റെക്കോർഡ് കടക്കുമോ ?

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ധനവാണ് വനിതാ ദിനമായ ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,320 രൂപയായി ഉയര്‍ന്നു. ഗ്രാമിന് ഇന്ന് 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാം ഒന്നിന് 8040 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. കുറഞ്ഞ തുക തിരിച്ചുകയറുകയാണെങ്കിലും ഈ മാസത്തെ റെക്കോര്‍ഡ് ഭേദിച്ചിട്ടില്ല എന്നത് ഏക ആശ്വാസമാകുകയാണ്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.