Kerala

വിതരണ ട്രാന്‍സ്‌ഫോര്‍മറുകളുടെ ദൗര്‍ലഭ്യം ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുമെന്ന വാര്‍ത്ത വസ്തുതാപരമല്ല – കെ.എസ്.ഇ.ബി

കഴിഞ്ഞ വര്‍ഷത്തെ വൈദ്യുതി പ്രതിസന്ധി കെ.എസ്.ഇ.ബി.യ്ക്ക് പാഠമായില്ലെന്നും ട്രാന്‍സ്‌ഫോര്‍മറുകളുടെ ക്ഷാമം മലബാര്‍ മേഖലയിലെ ഉപഭോക്താക്കളെ ഏറെ ദുരിതത്തിലാക്കുമെന്നും ഉള്ള തരത്തില്‍ ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാപരമല്ല. കേടായ ട്രാന്‍സ്‌ഫോര്‍മറുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തന- ക്ഷമമാക്കുന്നതിന് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് നടത്തുക വഴി 400 ട്രാന്‍സ്‌ഫോര്‍മറുകള്‍ ഡിസംബര്‍ 2024 മുതല്‍ തന്നെ സെക്ഷന്‍ ഓഫീസുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പുതുതായി 741 എണ്ണം 100 KVA ട്രാന്‍സ്‌ഫോര്‍മറുകള്‍ വിതരണം ചെയ്യാന്‍ കരാറുകാര്‍ക്ക് അനുമതി നല്‍കിയതില്‍ 225 എണ്ണം ഇതുവരെ ലഭിച്ചിട്ടുണ്ട്.

1139 എണ്ണം 160 KVA ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കായി അനുമതി നല്‍കിയതില്‍ 599 എണ്ണം ഇതുവരെ ലഭ്യമായിട്ടുണ്ട്. ഈ മാസം അവസാനത്തോടെ 210 എണ്ണം കൂടി ഫീല്‍ഡില്‍ എത്തും. ആര്‍.ഡി.എസ്.എസ് പദ്ധതിയുടെ ഭാഗമായും മലപ്പുറം, കാസറഗോഡ്, ഇടുക്കി പാക്കേജുകളുടെ ഭാഗമായും 1627 എണ്ണം 100 KVA ട്രാന്‍സ്‌ഫോര്‍മറുകളും 63 എണ്ണം 160 KVA ട്രാന്‍സ്‌ഫോര്‍മറുകളും, നാല് 250 KVA ട്രാന്‍സ്‌ഫോര്‍മറുകളും പുതുതായി സ്ഥാപിക്കും. 1363 ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും 418 ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്യും. മെയ് 2025-ഓടെ ട്രാന്‍സ്‌ഫോര്‍മര്‍ നല്‍കാമെന്ന് കരാറില്‍ ഏര്‍പ്പെട്ടവരുമായി ആശയവിനിമയം നടത്തി മാര്‍ച്ചില്‍ തന്നെ ഇവ ലഭ്യമാക്കാനാവുമെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

മാര്‍ച്ച് മാസത്തില്‍ തന്നെ 25 ശതമാനം അധിക എണ്ണത്തിന് ഓര്‍ഡറും നല്‍കിയിട്ടുണ്ട്. കേടാവുന്നവ മാറ്റി സ്ഥാപിക്കുന്നതിനായി 100 ട്രാന്‍സ്‌ഫോര്‍മറുകള്‍ പ്രത്യേകം കരുതിയിട്ടുണ്ട്. 100 KVA ട്രാന്‍സ്‌ഫോര്‍മറുകള്‍ 160 KVA ആയി ശേഷി ഉയര്‍ത്തുന്നതിലൂടെ ലഭ്യമാവുന്ന ആയിരം 100 KVA ട്രാന്‍സ്‌ഫോര്‍മറുകള്‍ പുനരുപയോഗിക്കുന്നത് കൂടി പരിഗണിക്കുമ്പോള്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ അപര്യാപ്തമാണെന്ന ആശങ്ക അസ്ഥാനത്താണെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

CONTENT HIGH LIGHTS; News that shortage of distribution transformers will cause inconvenience to consumers is not factual – KSEB