രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ ബസ് സർവീസുകൾ പുനരാരംഭിച്ചു. ഇംഫാൽ എയർപോർട്ടിൽ നിന്ന് സംഘർഷബാധിത മേഖലകളിലേക്കടക്കം സർവീസുകൾ നടത്തും. സഞ്ചാരസ്വാതന്ത്ര്യം എല്ലാ മേഖലയിലും ഉറപ്പാക്കണം എന്ന കേന്ദ്ര നിർദ്ദേശത്തിനു പിന്നാലെയാണ് ബസ് സർവീസുകൾ പുനരാരംഭിച്ചത്.
ഇംഫാൽ-കാങ്‌പോക്‌പി-സേനാപതി, സേനാപതി-കാങ്‌പോക്‌പി-ഇംഫാൽ, ഇംഫാൽ-ബിഷ്ണുപൂർ-ചുരാചന്ദ്പൂർ, ചുരാചന്ദ്പൂർ-ബിഷ്ണുപൂർ-ഇംഫാൽ റൂട്ടുകളിലാണ് ബസുകൾ സർവീസ് നടത്തുക. സുരക്ഷാസേനയുടെ നിരീക്ഷണത്തിൽ ആയിരുന്നു ആദ്യ സർവീസുകൾ നടത്തിയിരുന്നത്. ബുധനാഴ്ച മുതൽ ഹെലികോപ്റ്റർ സർവീസുകളും പുനരാരംഭിക്കും.
കുക്കി – മെയ്തെയ് സംഘർഷത്തെ തുടർന്ന് മണിപ്പൂരിലെ വിവിധ മേഖലകളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നേരത്തെ മെയ്തെയ് സ്വാധീനമുള്ള മേഖലകളിൽ കുക്കി വിഭാഗക്കാരും കുക്കി വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ മെയ്തെയ് വിഭാഗത്തിലുള്ളവരും യാത്രകൾ നടത്തിയിരുന്നില്ല.
എന്നാൽ രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ബസ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.