ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം ഇലക്ട്രിക്ക് മോഡലുകളിലേക്ക് അതിവേഗം മാറുമ്പോൾ, മാരുതി സുസുക്കി, ടൊയോട്ട, ഹ്യുണ്ടായി, കിയ, മഹീന്ദ്ര തുടങ്ങിയ കമ്പനികളും ഹൈബ്രിഡ് വഴിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വെഹിക്കിൾ (PV) നിർമ്മാതാക്കളായ മാരുതി സുസുക്കി ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വലിയ തോതിൽ മോഡലുകൾ പുറത്തിറക്കാൻ തയ്യാറെടുക്കുന്നു. സ്വിഫ്റ്റ്, ബലേനോ, ഫ്രോങ്ക്സ്, ജപ്പാൻ-സ്പെക്ക് സുസുക്കി സ്പേഷ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു ചെറിയ എംപിവി എന്നിവയുൾപ്പെടെ കമ്പനി സ്വന്തമായി ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മാരുതി സുസുക്കിയുടെ പുതിയ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ പുതിയ ഫ്രോങ്ക്സിൽ അരങ്ങേറ്റം കുറിക്കും. ഈ വർഷം തന്നെ ഈ മോഡൽ വിപണിയിൽ എത്തും. ഒപ്പം സ്വിഫ്റ്റ്, ബലേനോ, സ്പേഷ്യയെ അടിസ്ഥാനമാക്കിയുള്ള ചെറിയ എംപിവി തുടങ്ങിയ മോഡലുകളിലും ഈ പവർട്രെയിൻ ലഭിക്കും. പുതുതലമുറ സ്വിഫ്റ്റിൽ അരങ്ങേറ്റം കുറിച്ച Z12E പെട്രോൾ എഞ്ചിനാണ് മാരുതി സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിനിൽ വാഗ്ദാനം ചെയ്യുന്നത്. മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ് ഉയർന്ന മൈലേജും 35 കിലോമീറ്ററിൽ കൂടുതൽ മൈലേജും നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന മാരുതി സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിനിനെക്കുറിച്ച് ഇതുവരെ നമുക്കറിയാവുന്ന എല്ലാ പ്രധാന വിശദാംശങ്ങളും ഇതാ.
ബാറ്ററിക്കും ഇലക്ട്രിക് മോട്ടോറിനും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഒരു സീരീസ് ഹൈബ്രിഡ് പവർട്രെയിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് മാരുതി സുസുക്കി . ഈ സിസ്റ്റത്തിൽ, ഐസിഇ യൂണിറ്റ് ഒരിക്കലും ചക്രങ്ങൾക്ക് നേരിട്ട് പവർ നൽകുന്നില്ല. ബാറ്ററി മോട്ടോറിലേക്ക് പവർ നൽകുന്നു, ഇലക്ട്രിക് മോട്ടോർ ചക്രങ്ങളെ മാത്രം ഓടിക്കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള ഒരു ജനറേറ്ററായി ഐ,സിഇ എഞ്ചിൻ പ്രവർത്തിക്കുന്നു. പാരലൽ-സീരീസ് ഹൈബ്രിഡ് പവർട്രെയിൻ ഹൈവേ വേഗതയിൽ കൂടുതൽ കാര്യക്ഷമമാണെങ്കിലും , സീരീസ് ഹൈബ്രിഡ് സിസ്റ്റം കുറഞ്ഞ വേഗതയിൽ സുഗമമായി പ്രവർത്തിക്കുന്നു,
ഇത് നഗര ഡ്രൈവിംഗിന് അനുയോജ്യമാക്കുന്നു. പാരലൽ-സീരീസ് സാങ്കേതികവിദ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ, സീരീസ് ഹൈബ്രിഡ് സജ്ജീകരണത്തിന് ലളിതമായ മെക്കാനിക്കൽ ഡിസൈൻ ആണുള്ളത്. കൂടാതെ സ്റ്റോപ്പ്-ആൻഡ്-ഗോ ട്രാഫിക്കിൽ മികച്ച ഇന്ധനക്ഷമത നൽകുന്നു. മാരുതി സുസുക്കിയുടെ പുതിയ സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിൻ, മാരുതി ഗ്രാൻഡ് വിറ്റാരയ്ക്കും ഇൻവിക്ടോ എംപിവിക്കും കരുത്ത് പകരുന്ന ടൊയോട്ടയുടെ ആറ്റ്കിൻസൺ സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയേക്കാൾ ചെലവ് കുറഞ്ഞതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
content highlight: Maruti cars